ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ മരണം 221 കടന്നു. ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചാണിത് . 900 -ത്തിൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. 207 മൃതദേഹങ്ങൾ കണ്ടെടുത്തെന്നും 900ലധികം പേർക്ക് പരിക്കേറ്റെന്നും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെനയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. രക്ഷാപ്രവർത്തനം തുടരുകയാണ്.
മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണെന്നും പരുക്കേറ്റ 400 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നും ഒഡീഷ അഗ്നിശമന വിഭാഗം ഡയറക്ടർ ജനറൽ സുധാംശു സാരംഗി അറിയിച്ചു. ഒഡീഷയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ട്രെയിൻ അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന്‍ സംഘം അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Leave a Reply