ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗുരുതരമായ ക്യാൻസർ രോഗം ബാധിച്ച രോഗികൾ ഡോക്ടറെ കാണാൻ എൻ എച്ച് എസിൽ വളരെ നാളുകൾ കാത്തിരിക്കേണ്ടതായി വരുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്തുടനീളം ക്യാൻസർ ബാധിതരായ 50,000 -ത്തിലധികം ആളുകൾ ഒരു വിദഗ്ധ ഡോക്ടറെ കാണാൻ രണ്ടാഴ്ചയിലധികം കാത്തിരിക്കേണ്ടതായി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്യാൻസർ രോഗബാധിതരെ സംബന്ധിച്ചിടത്തോളം എൻഎച്ച് എസ് -ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ കണക്കുകളാണിത്.

പല രോഗികളുടെയും യഥാർത്ഥ കാത്തിരിപ്പ് സമയം ഇതിലും കൂടുതലാണ്. കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ 25,000 രോഗികൾ ഒരു മാസത്തിലധികമാണ് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടതായി വന്നത്. ക്യാൻസർ പരിചരണത്തിൽ സംഭവിക്കുന്ന കൃത്യതവിലോപത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന വിമർശനം ശക്തമാണ്.

ഓരോ മാസവും വളരെയേറെ പേരാണ് ക്യാൻസർ രോഗബാധയുണ്ടോ എന്ന സംശയത്തിന്റെ പേരിൽ ചികിത്സ തേടിയെത്തുന്നത് . 2012 -ൽ ഇത് പ്രതിമാസം 100, 392 ആയിരുന്നെങ്കിൽ നിലവിൽ അത് 234,756 ആണ് . രോഗികളുടെ എണ്ണം വളരെ കൂടിയത് ക്യാൻസർ രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭിക്കുവാൻ വൈകുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് മഹാമാരിയെ പോലെ അർബുദത്തെ പരിഗണിച്ചില്ലെങ്കിൽ 2025 – ഓടെ രോഗം ബാധിച്ചുള്ള മരണം വളരെ കൂടുമെന്ന് ക്യാൻസർ രോഗ വിദഗ്ധനും ലോകാരോഗ്യ സംഘടനയുടെ ക്യാൻസർ പ്രോഗ്രാമിന്റെ ഡയറക്ടറുമായ പ്രൊഫ. കരോള്‍ സിക്കോറ പറഞ്ഞു