ക്രിസ്മസ് ആഘോഷിക്കുന്ന, പുതുവത്സരത്തെ സന്തോഷത്തോടെ വരവേല്‍ക്കുന്ന ഡിസംബറെന്ന മഞ്ഞുമാസത്തെ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ആകാശയാത്രികരെ സംബന്ധിച്ച് നടുക്കുന്ന ഓര്‍മകള്‍ മാത്രമാണ് ഡിസംബര്‍ നല്‍കിയത്. വ്യത്യസ്ത രാജ്യങ്ങളില്‍ നടന്ന ആറ് ദുരന്തങ്ങളിലായി പൊലിഞ്ഞത് 236 ജീവനുകള്‍.
ദക്ഷിണ കൊറിയയില്‍ 179 യാത്രികര്‍ മരിച്ചപ്പോള്‍ കസാഖ്‌സ്താനില്‍ അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നുവീണ് മരിച്ചത് 38 പേരാണ്. ഡിസംബര്‍ 22-ന് ബ്രസീലില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. പാപ്പുവ ന്യൂ ഗിനിയയില്‍ വിമാനം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചപ്പോള്‍ അര്‍ജന്റീനയിലും ഹവായിയിലും നടന്ന അപകടങ്ങളിലായി നാല് പൈലറ്റുമാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നില്‍ ജീവന്‍ നഷ്ടമായത 179 പേര്‍ക്കാണ്. രണ്ട് പേര്‍ മാത്രമാണ് ആ ദുരന്തം അതിജീവിച്ചത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് തീഗോളമായി മാറുകയായിരുന്നു.
ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഡിസംബര്‍ 29-ന് പ്രാദേശിക സമയം രാവിലെ 09.07-ഓടെയായിരുന്നു അപകടം.
തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്‌ലന്‍ഡ് സ്വദേശികളുമായിരുന്നു. ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലുണ്ടായ തകരാര്‍ കാരണം വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് വിവരം. പക്ഷി ഇടിച്ചാതാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2005-ല്‍ തുടങ്ങിയ ജെജു കമ്പനിയുടെ ചരിത്രത്തില്‍ ആദ്യ ദുരന്തമായിരുന്നു ഇത്. 2007-ല്‍ നടന്ന ഒരു അപകടത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
ലോകം ക്രിസ്മസ് ആഘോഷത്തില്‍ മുഴുകിയിരിക്കുമ്പോഴാണ് റഷ്യന്‍ വ്യോമതിര്‍ത്തിക്കുള്ളില്‍ അക്താകുവില്‍ അസര്‍ബയ്ജാന്റെ വിമാനം ജെ28243 തകര്‍ന്നുവീണത്. പൈലറ്റും സഹ പൈലറ്റുമുള്‍പ്പെടെ 38 പേര്‍ അപകടത്തില്‍ മരിച്ചു. 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
67 യാത്രക്കാരുമായി അസര്‍ബയ്ജാന്റെ തലസ്ഥാനമായ ബാക്കുവില്‍നിന്ന് റഷ്യന്‍ റിപ്പബ്ലിക്കായ ചെച്‌നിയയുടെ തലസ്ഥാനമായ ഗ്രോസ്നിയിലേക്ക് ബുധനാഴ്ച യാത്രതിരിച്ച എംബ്രയര്‍ 190 വിമാനമാണ് തകര്‍ന്നത്. കസാഖ്സ്താനിലെ അക്താവുവിനടുത്താണ് ദുരന്തമുണ്ടായത്.
ഗ്രോസ്നിയില്‍ എത്തുംമുമ്പ് കസാഖ്സ്താനിലേക്ക് വിമാനം വഴി തിരിച്ചു വിടുകയായിരുന്നു. യുക്രൈന്‍ ആക്രമണവും മൂടല്‍മഞ്ഞും കാരണമാണ് അക്താവുവിലേക്ക് വിമാനം തിരിച്ചുവിടാന്‍ പൈലറ്റ് തീരുമാനിച്ചതെന്ന് റഷ്യന്‍ വ്യോമയാന ഏജന്‍സി വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ബുധനാഴ്ച യുക്രൈന്‍ ഗ്രോസ്നിയില്‍ കടുത്ത ഡ്രോണാക്രമണം നടത്തിയതിനാല്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം സജീവമായിരുന്നെന്നും റഷ്യ വ്യക്തമാക്കിയിരുന്നു. അതേസമയം വിമാനം വെടിവെച്ചിട്ടെന്ന് സമ്മതിക്കാനോ ഉത്തരവാദിത്തമേല്‍ക്കാനോ റഷ്യ തയ്യാറായിട്ടില്ല.
റഷ്യയുടെ വ്യോമപ്രതിരോധ മിസൈലേറ്റാണ് വിമാനം തകര്‍ന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ പേര് പറഞ്ഞില്ലെങ്കിലും പുറമേനിന്നുള്ള ആയുധമേറ്റാണ് വിമാനം തകര്‍ന്നുവീണതെന്ന് യു.എസ്. ദേശീയസുരക്ഷാവക്താവ് ജോണ്‍ കിര്‍ബിയും അസര്‍ബയ്ജാന്‍ മന്ത്രി റഷാന്‍ നബിയേവും ആരോപിച്ചിരുന്നു.
ഡിസംബര്‍ 22-നാണ് ബ്രസീലില്‍ ചെറുവിമാനം നിയന്ത്രണം വിട്ട് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇരട്ട എഞ്ചിനുള്ള പൈപ്പര്‍ പിഎ-42 വിമാനം ഗ്രാമഡോ മേഖലയിലാണ് തകര്‍ന്നുവീണത്. ഒരു വീടിന്റെ ചിമ്മിനിയിലും മറ്റൊരു വീടിന്റെ രണ്ടാം നിലയിലും ഇടിച്ച ശേഷം മൊബൈല്‍ കടയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇതിനുശേഷമുണ്ടായ തീപ്പിടിത്തത്തിലും മറ്റുമാണ് ആളുകള്‍ക്ക് പരിക്കേറ്റത്.
വിമാനത്തിന്റെ ഉടമസ്ഥനും ബിസിനസുകാരനുമായ ലൂയിസ് ക്ലോഡിയോ ഗലേസിയാണ് വിമാനം ഓടിച്ചിരുന്നത്. വിനോദയാത്രയ്ക്കുശേഷം കുടുംബത്തോടൊപ്പം ഇയാള്‍ സാവോ പോളയിലെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. കനേല വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സെറാ ഗൗച്ച മലനിരകള്‍ക്ക് സമീപമുള്ള ഗ്രമാഡോ മേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു.
ബ്രസീലില്‍ അപകടം സംഭവിച്ച അതേ ദിവസം പാപ്പുവ ന്യൂ ഗിനിയയിലും ഒരു വിമാനം തകര്‍ന്നുവീണു. നോര്‍ത്ത് കോസ്റ്റ് ഏവിയേഷന്റെ ബ്രിട്ടെന്‍-നോര്‍മാന്‍ ബിഎന്‍-2ബി-26 ഐലന്‍ഡര്‍ വിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടു. വസു എയര്‍പോര്‍ട്ടില്‍ നിന്ന് ലാ-നദ്‌സെബ് എയര്‍പോര്‍ട്ടിലേക്കുള്ള ചാര്‍ട്ടേഡ് ഫ്‌ളൈറ്റാണ് അപകടത്തില്‍പെട്ടത്.
തൊട്ടടുത്ത ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രാദേശിക സമയം 10.30നാണ് അവസാന സിഗ്നല്‍ ലഭിച്ചത്. ഇപ്പോഴും അപകടത്തിന്റെ പിന്നിലെ കാരണം അറിയാന്‍ അന്വേഷണം തുടരുകയാണ്.
സാന്‍ഫ്രാന്‍സിസ്‌കോ എയര്‍പോര്‍ട്ടിന് തൊട്ടടുത്ത് വെച്ചുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. പുന്റെ ഡെല്‍ എസ്റ്റെ എയര്‍പോര്‍ട്ടില്‍ നിന്ന് സാന്‍ ഫെര്‍നാഡൊ എയര്‍പോര്‍ട്ടിലേക്ക് പോയ ഫെറി ഫ്‌ളൈറ്റാണ് അപകടത്തില്‍പെട്ടത്. റണ്‍വേയും കടന്നുപോയ വിമാനം സുരക്ഷാ വേലിയിലും മരത്തിലും ഇടിച്ച് കത്തുകയായിരുന്നു.
ഡിസംബര്‍ 17-നാണ് ഹവായിയിലെ ഹൊനൊലോലുവില്‍ അപകടമുണ്ടായത്. കമാക എയര്‍ എല്‍എല്‍സിയുടെ നിയന്ത്രണത്തിലുള്ള വിമാനമാണ് തകര്‍ന്നത്. രണ്ട് പൈലറ്റുമാരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിമാനം പറന്നുയര്‍ന്നയുടനെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് കെട്ടിടത്തില്‍ ഇടിച്ച് തകര്‍ന്നുവീണു.
Leave a Reply