കേരളക്കര ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യശാലിയെ തെരഞ്ഞെടുത്തു. TJ750605 എന്ന ഭാഗ്യ നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം TG 270912 എന്ന നമ്പറിനും, മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669,TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ നമ്പറുകൾക്കുമാണ് ലഭിച്ചത്. തിരുവനന്തപുരം ഗോർക്കി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം. എന്നാൽ വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാവും ഭാഗ്യശാലിയുടെ കയ്യിൽ കിട്ടുക.
ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. തങ്കരാജ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.
രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിനാണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്‍റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്നും പാപ്പച്ചന്‍ എന്ന കച്ചവടക്കാരന്‍ പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.
ഭഗവതി ഏജന്‍സിയിലെ നന്ദു എന്ന ജീവനക്കാരനാണ് 25 കോടിയുടെ ടിക്കറ്റ് വിറ്റിരിക്കുന്നത്. “ഏഴിനും എട്ടിനും ഇടയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. ആ സമയത്ത് നല്ല തിരക്കായിരുന്നു. അതുകൊണ്ട് ആരാണ് ടിക്കറ്റ് എടുത്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല”, എന്ന് നന്ദു പറഞ്ഞു.
ഭാഗ്യക്കുറിയുടെ ഈ വർഷത്തെ തിരുവോണം ബമ്പറിന് റെക്കോർഡ് വില്പനയാണ് നടന്നത്. 67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതിൽ 66 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി. ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും മുന്നിൽ പാലക്കാട് ജില്ലയാണ്. ജില്ലയിൽ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. തൃശൂരിൽ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടും ടിക്കറ്റ് വില്പന കഴിഞ്ഞ വർഷത്തെ കണക്കുകൾ മറികടക്കുകയാണ്.
ടിക്കറ്റെടുക്കുന്നതിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഓണം ബമ്പർ ക്രമീകരിച്ചിരിക്കുന്നത്. പത്ത് സീരിസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയത്. ജൂലൈ 18 മുതലാണ് ബമ്പർ ടിക്കറ്റിന്റെ വില്പന തുടങ്ങിയത്. ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. പത്ത് പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനവും പത്ത് വരെയുള്ള ആകർഷകമായ സമ്മാനങ്ങളും തിരുവോണം ബമ്പറിലുണ്ട്. ഫ്‌ളൂറസെന്റ് മഷിയിൽ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ തിരുവോണം ബമ്പർ. സുരക്ഷ പരിഗണിച്ച് വേരിയബിൾ ഡാറ്റ ടിക്കറ്റിൽ ഒന്നിലേറെ ഭാഗങ്ങളിൽ ചേർത്തിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റായ keralalotteries.comൽ ഫലം പ്രസിദ്ധീകരിച്ചു.
Leave a Reply