ഫെറിയിൽ റഫ്രിജറേറ്റഡ് കണ്ടെയ്നറിനുള്ളിൽ കയറ്റി കൊണ്ടുപോവുകയായിരുന്ന 25 കുടിയേറ്റക്കാരെ ഡച്ച് അധികൃതർ പിടികൂടി. ഇംഗ്ലണ്ടിലേക്കുള്ള യാത്രയിലായിരുന്നു അവര്‍. കണ്ടെത്തിയവരെല്ലാം ജീവനോടെയുണ്ടെന്നും അതിലൊരാള്‍ കുട്ടിയാണെന്നും കരുതുന്നതായി പ്രാദേശിക സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയില്‍ പറയുന്നു.
ഡിഎഫ്‌ഡിഎസ് സീവേയ്സിന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടാനിയ സീവേസ് എന്ന കടത്തുവള്ളമാണ് പിടിച്ചെടുത്തത്. വ്‌ലാഡിംഗെൻ തുറമുഖം വിട്ട് സഫോൾക്കിലെ ഫെലിക്‌സ്റ്റോവിലേക്ക് പുറപ്പെടുകയായിരുന്നു ഫെറി. കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന സൂചന ലഭിച്ചതോടെ 20 ആംബുലൻസുകളുമായി അധികൃതര്‍ ഫെറി വളഞ്ഞു. രണ്ടുപേര്‍ക്ക് ഹൈപോതെര്‍മിയ അനുഭവപ്പെട്ടതിനാല്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കി 23 പേർക്ക് തുറമുഖത്ത് വെച്ചുതന്നെ വൈദ്യപരിശോധന ലഭ്യമാക്കുകയും, ശേഷം പോലീസ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എവിടെനിന്നുള്ള കുടിയേറ്റക്കാരാണ് അവര്‍ എന്നത് ഇനിയും വ്യക്തമല്ല. അവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്.
പിടിയിലായവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് റോട്ടർഡാം പോലീസിന്റെ വക്താവ് മിർജാം ബോയേഴ്സ് ബ്രോഡ്കാസ്റ്റർ പറഞ്ഞു. ഇത് മനുഷ്യ ജീവന്‍റെ പ്രശ്നമാണ്. അവരുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നതാണ് പ്രധാനം. നിയമപരമായ കാര്യങ്ങളെ കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം എന്നും അവര്‍ പറഞ്ഞു. കുടിയേറ്റക്കാരെകുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും അവര്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ഒക്ടോബറില്‍, ഇംഗ്ലണ്ടിലേക്കുള്ള യാത്രാമധ്യേ ലണ്ടനിലെ എസെക്‌സില്‍വച്ച് റഫ്രിജറേറ്റഡ് ലോറി ട്രെയിലറില്‍ 39 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പതിനഞ്ച് മണിക്കൂറോളം തുടര്‍ച്ചയായി റഫ്രിജറേറ്റഡ് ലോറിയിലെ തണുപ്പില്‍ കിടന്ന് അവര്‍ ഇഞ്ചിഞ്ചായി മരിക്കുകയായിരുന്നു. ഹോളണ്ട്, ബള്‍ഗേറിയ, തുടങ്ങിയ രാജ്യത്തിലൂടെ സഞ്ചരിച്ചാണ് അവര്‍ ബെല്‍ജിയത്തിലെ സീബ്രഗ്ഗ് തുറമുഖത്ത് എത്തിയത്. അവിടെനിന്നും ഇംഗ്ലണ്ടിലേക്ക് പോവുകയായിരുന്നു.
Leave a Reply