അടുത്തകാലത്ത് ഒടിടിയിൽ റിലീസ് െചയ്ത മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’യുടെ പശ്ചാത്തലത്തിൽ ചിലയിടങ്ങളിൽ മോഹൻലാലിന്റെയും മീനയുടെയും പഴയ ചിത്രങ്ങളുണ്ടായിരുന്നു. അവ ‘വർണപ്പകിട്ട്’ എന്ന സിനിമയിലെ സ്റ്റില്ലുകളായിരുന്നു. 1997 മുതൽ 2022 വരെ കാൽ നൂറ്റാണ്ടായി താരജോടികളായി മോഹൻലാലും മീനയും തുടരുന്നു. ആ സുവർണജോടികൾക്കു തുടക്കമിട്ട ‘വർണപ്പകിട്ട്’ എന്ന ഐ.വി.ശശി ചിത്രം റ‍ിലീസ് ചെയ്തിട്ട് ഏപ്രിൽ നാലിന് കാൽനൂറ്റാണ്ട് തികയും. ‘വർണപ്പകിട്ട്’ എന്ന ചിത്രത്തിനു പിന്നിലെ ചില അറിയാക്കഥകളും.

നിർമാതാവ് ജോക്കുട്ടൻ പാലക്കുന്നേലിന്റെ സഹോദരി പുത്രൻ അനിൽ സക്കറിയയുടെ ഓർമ്മക്കുറിപ്പുകൾ.

കുവൈത്ത് ഓയിൽ കമ്പനിയിലെ കോൺട്രാക്ട് ഡിവിഷനിൽ മെക്കാനിക്കൽ പ്ലാനർ ആണ് അനിൽ സക്കറിയ

 അനിൽ സക്കറിയ : നിർമാതാവ് ജോക്കുട്ടൻ പാലക്കുന്നേൽ എന്റെ അമ്മാവനായിരുന്നു. സിനിമയുടെ എല്ലാക്കാര്യങ്ങളിലും അദ്ദേഹത്തിന്റെ സഹായിയായിരുന്നു ഞാൻ. വർഷങ്ങൾക്കു മുൻപ്, ‘കൺഗ്രാചുലേഷൻസ് മിസ് അനിത മേനോൻ’ എന്ന സിനിമയെടുത്ത് സാമ്പത്തികമായി നഷ്ടത്തിലായ ജോക്കുട്ടൻ കുറെക്കാലത്തിനു ശേഷം ബിസിനസിലൂടെ കരകയറിയ ശേഷമാണ് വീണ്ടും സിനിമ നിർമാതാവാകാനുള്ള ആഗ്രഹം മനസ്സിലുദിച്ചത്. കഥയുടെ ഒരു ആശയം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.

സുഹൃത്തായ തിരക്കഥാകൃത്ത് ബാബു ജനാർദ്ദനനോടു ജോക്കുട്ടൻ കഥ പറഞ്ഞു. സംവിധായകൻ നിസാറുമായി പ്രാരംഭ ചർച്ച നടത്തി. സുരേഷ് ഗോപിയും മീനയും പ്രധാന കഥാപാത്രങ്ങളായി സിനിമയുടെ ചർച്ച മുന്നോട്ടുപോയി. സിംഗപ്പൂരിലായിരുന്നു ചങ്ങനാശേരി മാമ്മൂട് സ്വദേശിയായ ജോക്കുട്ടന്റെ ബിസിനസ്. പിന്നീട് സംവിധായകരായ ജോണി ആന്റണി, ലാൽജോസ് തുടങ്ങിയവരും ചങ്ങനാശേരി ബ്രീസ് ഇന്റർനാഷനൽ ഹോട്ടലിൽ നടന്ന ചർച്ചകളിൽ ഒപ്പമുണ്ടായിരുന്നു. പക്ഷേ, ചർച്ച മുന്നോട്ടു പോയപ്പോഴേക്കും നിസാർ എന്തോ കാരണം കൊണ്ട് സിനിമയിൽ നിന്നു പിന്മാറി. പ്രോജക്ട് അനിശ്ചിതത്വത്തിലായി. അപ്പോഴേക്കും സിനിമയുടെ വൺലൈൻ പൂർത്തിയായിരുന്നു.

ബാബു ജനാർദ്ദനൻ : ഞാനും ഐ.വി.ശശിയുമായി ‘അനുഭൂതി’ എന്ന സിനിമയുടെ ചർച്ച നടക്കുന്ന കാലത്താണ് ജോക്കുട്ടൻ എന്നോടു കഥ പറഞ്ഞത്. ജോക്കുട്ടൻ, അദ്ദേഹത്തിന് പരിചയമുള്ള ഒരാളുടെ കഥയാണ് പറഞ്ഞത്. സിംഗപ്പൂരില്‍ ബിസിനസ് ചെയ്യുന്ന ഒരു ശ്രീലങ്കക്കാരൻ ഒരു കോൾ ഗേളിനെ വാടകയ്ക്കെടുത്ത് ശ്രീലങ്കയിൽ കൊണ്ടുപോയി വിവാഹം ചെയ്തു. അവരെ അന്വേഷിച്ച് സിംഗപ്പൂരിൽ നിന്നു മാഫിയകൾ എത്തി. അവർ ആ പെൺകുട്ടിയെ തിരികെ കൊണ്ടുപോയതാണ് കഥ. ചർച്ച തുടങ്ങുമ്പോൾ മോഹൻലാൽ ചിത്രത്തിലേയില്ല!

ജോക്കുട്ടന്‍ പറഞ്ഞ കഥയ്ക്ക് കേരളവുമായി ബന്ധവും പശ്ച‍ാത്തലവും വേണമെന്നു ‍ഞങ്ങൾ തീരുമാനിച്ചു. തെമ്മാടിപ്പറമ്പും മറ്റു നാടകീയ മുഹൂർത്തങ്ങളുമെല്ലാം സിനിമയ്ക്കു വേണ്ടി ഞങ്ങൾ സൃഷ്ടിച്ചതാണ്. അതിൽ ചിലതെല്ലാം എന്റെ നാട്ടിൽ നടന്ന ചില സംഭവങ്ങളിൽ നിന്നു സ്വീകരിച്ചതാണ്. ജോക്കുട്ടന്റെ വ്യക്തിപരമായ ഒന്നു രണ്ട് അനുഭവങ്ങൾ കൂടി അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം സിനിമയിൽ ചേർത്തിട്ടുണ്ട്. ബാക്കിയെല്ലാം സാങ്കൽപ്പികമായിരുന്നു.

ബാബു ജനാർദ്ദനൻ : ഐ.വി.ശശി സാർ കുറച്ചുകാലം സിനിമയിൽ നിന്നു വിട്ടു നിന്ന്, തമിഴിൽ ഒരു സീരിയൽ സംവിധാനം ചെയ്തിരുന്നു. അക്കാലത്താണ് ഒരു നടൻ എന്നെ ശശി സാറുമായി പരിചയപ്പെടുത്തിയത്. ഐ.വി.ശശി സംസാരിച്ചതനുസരിച്ച് ഞാൻ ഒരു കഥ തയാറാക്കി. പക്ഷേ, ചർച്ച മുന്നോട്ടുപോയില്ല. പിന്നീട്, ‘അനുഭൂതി’ എന്ന സിനിമയുടെ ഒരുക്കങ്ങൾ നടക്കുന്നു. അതു മോഹൻലാലിനെ വച്ച് ചെയ്യാൻ ആലോചിച്ചെങ്കിലും അദ്ദേഹത്തിന്റെ അന്നത്തെ ആരാധകപ്രീതിക്ക് അനുസരിച്ചുള്ള വലുപ്പം കഥയ്ക്കുണ്ടായിരുന്നില്ല.

അപ്പോഴാണ്, വർണപ്പകിട്ടിന്റെ കഥ പൂർത്തിയാകുകയും ആദ്യത്തെ സംവിധായകൻ പിന്മാറുകയും ചെയ്തത്. ഐ.വി.ശശി സാറുമായി ബന്ധപ്പെടാമെന്ന് ഞാൻ നിർദേശിച്ചു. ഞാൻ ശശി സാറിനെ ബന്ധപ്പെട്ടു. ‘നിർമാതാവിനെക്കുറിച്ച് നീ ആലോചിക്കണ്ട, സബ്ജക്ടും കൊണ്ട് വാ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘കഥ ജോക്കുട്ടന്റേതാണ്. ജോക്കുട്ടനില്ലാതെ സിനിമ നടക്കില്ല. എത്ര ചെലവായാലും സിനിമയെടുക്കാൻ ജോക്കുട്ടൻ തയാറാണ്’ എന്നു പറഞ്ഞപ്പോൾ ശശി സാർ വഴങ്ങി. ആദ്യത്തെ സംവിധായകനുവേണ്ടി തയാറക്കിയ തിരക്കഥ ഞാൻ വായിച്ചു.

‘ഇതിൽ നല്ല സിനിമയുണ്ട്. ചില ഭാഗങ്ങൾ മാറ്റണം’– എന്ന് ശശി സാർ നിർദേശിച്ചു. ആദ്യത്തെ സംവിധായകനും നായകനും വേണ്ടി ഞങ്ങൾ ചേർത്തിരുന്ന ചില ആക്‌ഷൻ രംഗങ്ങളെല്ലാം ഒഴിവാക്കി ഞങ്ങൾ തിരക്കഥ മാറ്റിയെഴുതി. മദ്രാസിലെ ആബാദ് പ്ലാസ എന്ന ഹോട്ടലിലിരുന്നായിരുന്നു എഴുത്ത്.∙ മോഹൻലാൽ കഥയിലേക്ക്

ബാബു ജനാർദ്ദൻ : ‘വർണപ്പകിട്ടി’ന്റെ തിരക്കഥ പൂർത്തിയാകുന്നതുവരെ ലാൽ സാറിനെ ബന്ധപ്പെട്ടിട്ടില്ല. അക്കാലത്ത് അദ്ദേഹം പുതിയ എഴുത്തുകാരുടെയോ സംവിധായകരുടെയോ സിനിമകൾക്ക് അധികം അവസരം നൽകുന്നുണ്ടായിരുന്നില്ല. ഐ.വി.ശശി എന്ന സംവിധായകൻ ഒപ്പമുണ്ടായിരുന്നതു കൊണ്ടാണ് ആ സിനിമ യാഥാർഥ്യമായത്. ശശി സാർ ലാൽ സാറിനെ ബന്ധപ്പെട്ടു. ലാൽ സാർ സമ്മതം മൂളിയതോടെ സിനിമയുടെ ആദ്യ കടമ്പ ഞങ്ങൾ പിന്നിട്ടു.

അനിൽ സക്കറിയ : പ്രൊഡക്‌ഷൻ കൺട്രോളർ സച്ചിദാനന്ദൻ ആണ് ഐ.വി.ശശിയുമൊത്ത് സിനിമ ചെയ്യാൻ വലിയ സഹായം ചെയ്തത്. ശശി സാറിന് കഥ ഇഷ്ടമായതോടെ സിനിമ മുന്നോട്ടു പോകുമെന്നുറപ്പായി. ആദ്യം പ്ലാൻ ചെയ്ത ചെറിയ ബജറ്റിൽ നിന്ന് അതു വലിയ സിനിമയായി മാറി. ഐ.വി.ശശി മോഹൻലാലിനെ വിളിച്ച് കഥ പറഞ്ഞപ്പോൾ തന്നെ കഥയുമായി മുന്നോട്ടു പോകാനുള്ള പച്ചക്കൊടി കിട്ടി. കഥ കേൾക്കണ്ടേ? എന്നു ചോദിച്ചപ്പോൾ ‘ശശിയേട്ടൻ ചെറിയ സംഭവുമായി എന്റെയടുക്കൽ വരില്ലെന്നറിയാം’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. തിരക്കഥ പൂർത്തിയായ ശേഷം മോഹൻലാലിനെ നേരിട്ടു കണ്ടു. എത്രയുംവേഗം ഷൂട്ടിങ് തുടങ്ങാമെന്ന് അദ്ദേഹം സമ്മതിച്ചു.

പാട്ടൊരുക്കാൻ വിദ്യാസാഗറിനെ ഏൽപ്പിച്ചു. ചെന്നൈ എഗ്മൂറിൽ എം.ജി.ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള വന്ദന അപാർട്മെന്റ്സിലിരുന്നാണ് പാട്ടുകൾ തയാറാക്കിയത്. ‘മാണിക്യക്കല്ലാൽ…’, ‘ഓക്കേല ഓക്കേല..’, ‘ദൂരെ മാമരക്കൊമ്പിൽ…’ തുടങ്ങിയ പാട്ടുകളെല്ലാം ജനപ്രിയമായി.

ബാബു ജനാർദ്ദനൻ : ഞങ്ങൾ എറണാകുളത്ത് തിരക്കഥ എഴുതിക്കൊണ്ടിരിക്കുമ്പോൾ, ശശി സാർ പറയുന്നുണ്ടായിരുന്നു, സിനിമയ്ക്ക് നല്ല കളർഫുളായ ഒരു പേരു വേണമെന്ന്. അക്കാലത്താണ് ‘രംഗീല’ എന്ന സിനിമ സൂപ്പർഹിറ്റായി ഓട‍ുന്നത്. ഞാനും ശശിസാറും കൂടി തീയറ്ററിൽ പോയി സിനിമ കണ്ടു. ‘ഇതുപോലൊരു പേരു വേണം നമ്മുടെ സിനിമയ്ക്കും–’ ശശി സാർ പറഞ്ഞു. രംഗീല എന്ന ഹിന്ദി വാക്കിന്റെ അർഥം എനിക്കറിയില്ലായിരുന്നു. ഞാൻ ശശി സാറിനോട് ആ വാക്കിന്റെ അർഥം ചോദിച്ചു. ‘രംഗീല എന്നു പറഞ്ഞാൽ വർണപ്പകിട്ടുള്ളത്, നിറമുള്ളത് എന്നൊക്കെയാണ് അർഥം’ – ശശി സാർ പറഞ്ഞു.‘അപ്പോൾപ്പിന്നെ, വർണപ്പകിട്ട് എന്നു തന്നെ പേരിട്ടാലോ?’ ആ നിമിഷം സിനിമയ്ക്കു പേരായി.

ബാബു ജനാർദ്ദൻ : സിനിമയുടെ ചിത്രീകരണം തുടങ്ങി. സഹസംവ‍ിധായകൻ എം.പത്മകുമാറാണ്. ഞങ്ങൾ ചെന്നൈയിലിരുന്ന് എഴുതുന്നു. നിർമാതാവ് ജോക്കുട്ടന് സിംഗപ്പൂരിലുള്ള ബന്ധങ്ങൾ ഉപയോഗിച്ച് അവിടെ ചിത്രീകരിക്കാമെന്നു തീരുമാനിച്ചു. എനിക്കും പത്മകുമാറിനും അന്ന് പാസ്പോർട്ടില്ല. ഞാൻ അക്കാലത്ത് സ്കൂൾ അധ്യാപകനണ്. അതുകൊണ്ട് പാസ്പോർട്ടിന് അപേക്ഷിക്കണമെങ്കിൽ ഡിപിഐയിൽ നിന്ന് നിരാക്ഷേപ സർട്ടിഫിക്കറ്റ് വാങ്ങണം. അതുകൊണ്ട് എന്റെ പാസ്പോർട്ട് പെട്ടെന്നു നടക്കില്ല. പത്മകുമാറിനും പാസ്പോർട്ട് കിട്ടിയില്ല. അസോഷ്യേറ്റ് ഡയറക്ടർ വേണം.

പിൽക്കാലത്ത് സംവിധായകനായ ബ്ലെസി അന്നേ എന്റെ സുഹൃത്താണ്. പത്മരാജൻ ഉൾപ്പെടെയുള്ളവരുടെ അസോഷ്യേറ്റ് ആയിരുന്ന ബ്ലെസിയുടെ കാര്യം ഞാൻ ശശി സാറിനോടു പറഞ്ഞു. അങ്ങനെ ബ്ലെസി അപ്രതീക്ഷിതമായി പ്രോജക്ടിന്റെ ഭാഗമായി. അദ്ദേഹം സിംഗപ്പൂരിൽ പോയി. ആദ്യ ഷെഡ്യൂളിൽ ബ്ലെസിയായിരുന്നു അസോഷ്യേറ്റ് ഡയറക്ടർ. രണ്ടാം ഷെഡ്യൂളിന്റെ സമയമായപ്പോൾ ബ്ലെസിക്ക് ഒരു അപകടത്തിൽ പരുക്കേറ്റു. ചികിത്സയും വിശ്രമവുമായി മാറി നിൽക്കേണ്ടി വന്നതോടെ ഷാജൂൺ കാര്യാൽ ആണ് രണ്ടാം ഷെഡ്യൂളിൽ സഹസംവിധായകനായത്.

ബാബു ജനാർദ്ദനൻ : കോട്ടയത്തായിരുന്നു രണ്ടാം ഷെഡ്യൂൾ. രണ്ടാം നായികയായി അക്കാലത്ത് ചില സിനിമകളിൽ നായികയായി അഭിനയിച്ചിരുന്ന ഒരു നടിയെ വിളിച്ചു. ദിലീപ് അവതരിപ്പിച്ച പോളച്ചൻ എന്ന കഥാപാത്രം വിവാഹം കഴിക്കുന്ന നാൻസി എന്ന കഥാപാത്രമായിരുന്നു അത്. പക്ഷേ, കഥയിൽ നടൻ ഗണേശിന്റെ കഥാപാത്രം ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ആ നടി പിന്മാറ‍ി. ‘ഗണേഷിന്റെ കഥാപാത്രം ആക്രമിക്കുന്ന രീതിയിൽ കഥ വന്നാൽ ഇമേജിനെ ബാധിക്കും’ എന്നായിരുന്നു അവരുടെ പേടി.

പിന്നീട് മറ്റൊരു നടിയെ പരിഗണിച്ചെങ്കിലും അവർക്കു ഡാൻസ് അറിയാത്തതിനാല്‍ ഒഴിവാക്കേണ്ടി വന്നു. മോഹൻലാലിന് ഇരുവർ സിനിമയുടെ ചിത്രീകരണത്തിനു പോകാനുള്ള തിരക്കായതിനാൽ പെട്ടെന്നു സിനിമ പൂർത്തിയാക്കാനുള്ള സമ്മർദ്ദവും കൂടിവന്നു. അപ്പോഴാണ്, ഒരു മാഗസിന്റെ കവറിൽ ദിവ്യ ഉണ്ണിയുടെ ചിത്രം കണ്ടത്. ഞാൻ ഐ.വി.ശശിയോടു കാര്യം പറഞ്ഞു.

‘ഞാൻ വരുന്നില്ല. നീയും ജോക്കുട്ടനും പോയി അവരോടു സംസാരിക്കൂ’ എന്ന് ശശി സാർ നിർദേശിച്ചു. ഞങ്ങൾ ദിവ്യ ഉണ്ണിയുടെ വീട്ടിൽ പോയി. അക്കാലത്ത് ദിവ്യ ഉണ്ണി വിനയന്റെ സിനിമയായ ‘കല്യാണ സൗഗന്ധികം’ എന്ന സിനിമയിൽ മാത്രമേ നായികയായി അഭിനയിച്ചിട്ടുള്ളൂ. മോഹൻലാലിന്റെ സിനിമയിേലക്കാണ് ക്ഷണിക്കുന്നതെന്നു കേട്ടപ്പോൾ ദിവ്യ ഉണ്ണിയോ അവരുടെ അമ്മയായ ടീച്ചറോ വിശ്വസിച്ചില്ല. ഞങ്ങൾ ‘മാണിക്യ കല്ലാൽ എന്ന പാട്ട് കേൾപ്പിച്ചു– ഇതു മോഹൻലാലിനൊപ്പം ദിവ്യ അഭിനയിക്കേണ്ട പാട്ടാണെന്നു കൂടി പറഞ്ഞപ്പോൾ അവർക്ക് ഒട്ടും വിശ്വാസമായില്ല. ഒടുവിൽ ഒരുതരത്തിൽ പറഞ്ഞു വിശ്വസിപ്പിച്ചു.

ദിവ്യ ഉണ്ണി വർണപ്പകിട്ടിൽ അഭിനയിക്കാനെത്തുന്നതിന് ഒരാഴ്ച മുൻപ് എറണാകുളത്തുള്ള ഒരു പരിപാടിക്കു വച്ച് മോഹൻലാലിനൊപ്പം ഒരു ചിത്രമെടുക്കാൻ ശ്രമിച്ചിട്ടു നടന്നില്ലെന്നും താൻ ശുപാർശ ചെയ്തിട്ടാണ് ലാലിനൊപ്പം ദിവ്യയ്ക്കു ചിത്രമെടുക്കാൻ കഴിഞ്ഞതെന്നും ജോണി സാഗരിക എന്നോടു പറഞ്ഞിട്ടുണ്ട്. ആ മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള ആവേശമായിരുന്നു ദിവ്യയ്ക്ക്. ആ സിനിമയ്ക്കു ശേഷം ദിവ്യ സൂപ്പർ ഹീറോയിനായി മാറുന്നതാണ് കണ്ടത്.

അനിൽ സക്കറിയ : സിനിമയുടെ ആദ്യ ഷെഡ്യൂൾ 1996 സെപ്റ്റംബറിൽ സിംഗപ്പൂരിൽ തുടങ്ങി. രണ്ടു പാട്ടുകളും മറ്റു രംഗങ്ങളും ചിത്രീകരിച്ച ശേഷം ഡിസംബർ ഒന്നിന് കോട്ടയം ഷെഡ്യൂൾ തുടങ്ങി. പക്ഷേ, അതിനിടയിൽ വിതരണക്കാർ പിണങ്ങി. അവർ പണം മുൻകൂർ നൽകാൻ തയാറായില്ല. പ്രോജക്ട് നിന്നുപോകുമെന്ന ഘട്ടമായി. അപ്പോഴേക്കും മോഹൻലാൽ ഇടപെട്ടു. അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയുടെയും സുരേഷ് ബാലാജിയുടെയും മേൽനോട്ടത്തിൽ അക്കാലത്ത് പ്രണാമം പിക്ചേഴ്സ് എന്ന പേരിൽ വിതരണ കമ്പനിയുണ്ടായിരുന്നു. അവർ വിതരണ ചുമതല ഏറ്റെടുത്തതോടെ സിനിമ വീണ്ടും മുന്നോട്ടു പോയി.

ബാബു ജനാർദ്ദനൻ : സിംഗപ്പൂരിൽ വർണപ്പകിട്ടിന്റെ ചിത്രീകരണം നടക്കുന്ന കാലത്താണ് മോഹൻലാലിന്റെ ‘പ്രിൻസ്’ സിനിമ റിലീസ് ചെയ്തത്. ആ സിനിമയിൽ ലാലിന്റെ ശബ്ദം മാറിയെന്നു പറഞ്ഞു വലിയ ബഹളമുണ്ടായി. പടം വലിയ പരാജയമായി. അതുവരെയുണ്ടായിരുന്ന ലാലിന്റെ ശബ്ദമായിരുന്നില്ല അതിനു ശേഷം.

തന്റെ തന്നെ ശബ്ദം ആണെന്ന് ഒടുവിൽ മോഹൻലാലിന് പരസ്യമായി പറയേണ്ടി വന്നു. അതോടെയാണെന്നു തോന്നുന്നു, വർണപ്പകിട്ടിന്റെ വിതരണക്കാർ പെട്ടെന്നു മാറി. അങ്ങനെ ലാലിന്റെ കമ്പനി വിതരണം ഏറ്റെടുക്കുകയായിരുന്നു.

ബാബു ജനാര്‍ദ്ദനൻ : കോട്ടയത്ത് ചിത്രീകരണം തുടങ്ങിയ ശേഷം ലൊക്കേഷൻ കണ്ടെങ്കിലും ചിത്രീകരണാനുമതി കിട്ടാൻ വൈകി. പക്ഷേ, 15 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി. ശവക്കോട്ടയിലെ ചിത്രീകരണം നടക്കുമ്പോൾ ക്രെയിൻ തള്ളാൻ മോഹൻലാൽ ഒപ്പം ചേർന്നത് ഓർമിക്കുന്നു. ഇടവേളയില്ലാതെയാണ് ചിത്രീകരണം. ഭക്ഷണം പോലും കഴിക്കാതെ മോഹൻലാൽ അഭിനയിക്കുന്നതു കൊണ്ട് മറ്റ് അഭിനേതാക്കൾക്കൊന്നും പരാതിപറയാൻ പോലും കഴിഞ്ഞില്ല. മോഹൻലാലിന്റെ ശ്രമകരമായ അധ്വാനം ആ സിനിമയ്ക്കു പിന്നിലുണ്ട്.

ബാബു ജനാർദ്ദനൻ : വർണപ്പകിട്ടിൽ മോഹൻ‍ലാൽ ഉപയോഗിച്ചിരുന്നത് ഒരു പഴയ ബൈക്കാണ്. ബൈക്കുമായി ചങ്ങനാശേരിയിൽ നിന്നെത്തിയത് ജോക്കുട്ടന്റെ പരിചയക്കാരനായ ഒരു യുവാവാണ്. സിനിമയോടു ഭ്രമമുള്ളയാളാണ്. അഭിനിയിക്കാൻ ഒത്തിരി ശ്രമിച്ചിട്ടുണ്ട്.് അയാൾ എന്റെ അടുക്കലെത്തി, സിനിമയിൽ അഭിനയിക്കണമെന്നു പറഞ്ഞു. ഞാൻ‍ പറഞ്ഞു, ‘നിങ്ങൾ സിനിമയിൽ ഇപ്പോൾ അഭിനയിച്ചു തുടങ്ങിയാൽ വരുമാനം കിട്ടിത്തുടങ്ങാനൊക്കെ ഒത്തിരി കാലമെടുക്കും.’ ‘അപ്പോൾ എനിക്കെന്തു ചെയ്യാൻ കഴിയും?’ എന്നായി അയാളുടെ ചോദ്യം.

‘നിങ്ങൾ ഇപ്പോൾ ബൈക്ക് സംഘടിപ്പിച്ചുകൊണ്ടുവന്നതുപോലെ അത്യാവശ്യം കാര്യങ്ങളൊക്കെ ഓപ്പറേറ്റ് ചെയ്യാനും പണിയറിയാവുന്നവരെ കൂടെ നിർത്താനുമൊക്കെ കഴിയുമെങ്കിൽ കലാസംവിധായകനാകാൻ കഴിയും. നല്ല അസോഷ്യേറ്റിനെ കൂടെ നിർത്തണം. അതിനു നല്ല കോഓർഡിനേറ്ററാകണം.’ ഞാൻ പറഞ്ഞു.

കലാസംവിധായകനാകാൻ പരിശീലനത്തിന് വർണപ്പകിട്ടിന്റെ കലാസംവിധായകൻ എം.ബാവയോടൊപ്പം നിർത്താൻ സഹായിച്ചതു ഞാനാണ്. പിന്നീട് എന്റെയും ശശി സാറിന്റെയും സിനിമയായ അനുഭൂതിയ‍ിലും ബാവയോടൊപ്പം ആ യുവാവുണ്ടായിരുന്നു. കുറെ സിനിമകളിൽ സഹായിയായി നിന്ന ആ യുവാവാണ് ‘ഈ പറക്കും തളിക’യിലൂടെ സ്വതന്ത്ര കലാസംവിധായകനായി മാറിയ സാലു കെ.ജോർജ്. പിന്നീട് അദ്ദേഹം വളരെ പ്രഗൽഭനായ, തിരക്കുള്ള കലാസംവിധായകനായി മാരി.

ബാബു ജനാർദ്ദനൻ : സിനിമ പുറത്തിറങ്ങിയപ്പോൾ സൂപ്പർഹിറ്റായി. പക്ഷേ, ജോക്കുട്ടന് സാമ്പത്തിക പ്രതിസന്ധിയുണ്ടായി. അദ്ദേഹം സിനിമയോടു വലിയ ആത്മാർഥതയുള്ള നിർമാതാവായിരുന്നു. അദ്ദേഹത്തിനു നഷ്ടമുണ്ടാകാൻ പല കാരണങ്ങളുണ്ടായിരുന്നു.

അനിൽ സക്കറിയ : 1996– 97 ൽ 2.45 കോടി രൂപ ചെലവിലാണ് ‘വർണപ്പകിട്ട്’ പൂർത്തിയാക്കി റിലീസ് ചെയ്തത്. അക്കാലത്ത് കേരളത്തിൽ ചിത്രീകരിച്ചിരുന്ന സാധാരണ മോഹൻലാൽ സിനിമകളുടെ മൂന്നിരട്ടിയോളം ചെലവായി. 1997 ഏപ്രിൽ നാലിന് സിനിമ റിലീസ് ചെയ്തു. ഏകദേശം 180 ദിവസം സിനിമ തിയറ്ററുകളിൽ ഓടി. സൂപ്പർഹിറ്റ് എന്നു തന്നെ പറയാം. പക്ഷേ, നികുതിയും വിതരണക്കാരുടെ ഷെയറും ഉൾപ്പെടെയുള്ള ചെലവുകൾ കഴിഞ്ഞ് നിർമാതാവിനു കാര്യമായ നേട്ടമുണ്ടായില്ല. ആ സിനിമ ജോക്കുട്ടനെ സാമ്പത്തികമായി തകർത്തു. ചങ്ങനാശേരിയിലെ വസ്തുക്കൾ വിൽക്കേണ്ടി വന്നു. സിബി മലയിലിന്റെ ‘പ്രണയവർണങ്ങൾ’ ഉൾപ്പെടെയുള്ള സിനിമകൾ ചെയ്യാനിരുന്ന ജോക്കുട്ടൻ ‘വർണപ്പകിട്ട്’ സമ്മാനിച്ച നഷ്ടം കാരണം പിന്നീട് സിനിമാ ബന്ധങ്ങൾ ഉപേക്ഷിച്ചു. രണ്ടു വർഷം മുൻപാണ് ജോക്കുട്ടൻ മരിച്ചത്.