ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആൺകുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കകം 26 കാരിയായ അമ്മ മരണമടഞ്ഞത് കനത്ത വേദനയാണ് കുടുംബാംഗങ്ങൾക്ക് സമ്മാനിച്ചത്. 26-ാം പിറന്നാളിൻ്റെ അന്ന് രാത്രിയാണ് എമിലി ലോക്ക്‌ലിയെ റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. എന്നാൽ പ്രസവത്തിനു ശേഷം നാലു മണിക്കൂറിനകം എമിലി മരിച്ചെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നത് .


ഒരു സങ്കീർണ്ണതകളുമില്ലാത്ത പ്രസവമായിരുന്നു എമിലിയുടേത് . അതു മാത്രമല്ല കുഞ്ഞിനെ ഉദരത്തിൽ വഹിച്ചിരുന്നപ്പോഴും യാതൊരു ആരോഗ്യ പ്രശ്നങ്ങളും അവൾ നേരിട്ടിരുന്നില്ല. ഫെബ്രുവരി 6- ന് തികച്ചും ആരോഗ്യവാനായ കുഞ്ഞിനാണ് അവൾ ജന്മം നൽകിയത്. 27 വയസ്സുകാരനായ തൻറെ പങ്കാളി ടൈലർ കോളിൻസണിനെ കുഞ്ഞിനെ ഏൽപ്പിച്ച് അവൾ ജീവൻ വെടിഞ്ഞു. തൻറെ അമ്മ ട്രേസി വൂട്ടണും രണ്ടാനച്ഛൻ മാർക്ക് വൂട്ടണും ഒപ്പം സ്റ്റോക്ക് ഓൺ ട്രെൻഡിലായിരുന്നു എമിലിയും കുടുംബവും താമസിച്ചിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എമിലി ലോക്ക്‌ലിയുടെ പ്രസവാനന്തര മരണം ഹൃദയത്തിൻറെ തകരാർ മൂലമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പൾമണറി അനൂറിസം എന്ന രോഗാവസ്ഥയാണ് എമിലിയുടെ ജീവനെടുത്തത്. അവളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കുഞ്ഞിനെ പ്രസവിച്ച് 4 മണിക്കൂറിനകം അവൾ മരണമടഞ്ഞു. അസ്വാഭാവികമായി രക്തക്കുഴലുകൾ വികസിക്കുകയോ വീർക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് പൾമണറി അനൂറിസം എന്ന് അറിയപ്പെടുന്നത്.

എമിലി ലോക്ക്‌ലിയുടെ അകാലത്തിലുള്ള പ്രത്യേകിച്ച് ഒരു കുട്ടിക്ക് ജന്മം നൽകി 4 മണിക്കൂറിനിടെയുള്ള മരണം അവളുടെ ബന്ധുക്കളെ മാത്രമല്ല ആയിരക്കണക്കിന് വരുന്ന സമൂഹമാധ്യമ സുഹൃത്തുക്കൾക്കും തീരാ വേദനയാണ് സമ്മാനിച്ചത്. അമ്മയാകാൻ പോകുന്നതിൻ്റെയും കുഞ്ഞിനെ വളർത്തുന്നതിന്റെയും ഒട്ടേറെ സുന്ദരസ്വപ്നങ്ങൾ അവൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു.