ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വാക്‌സിനെടുക്കാൻ വിസമ്മതിച്ച ഗർഭിണിയായ നേഴ്സ് പ്രസവിച്ചു രണ്ടാഴ്ചയ്ക്ക് ശേഷം കുഞ്ഞിനെ പോലും കാണാതെ മരണപ്പെട്ടു. മുപ്പത്തിയെഴുകാരിയായ ഡേവി മാസിയസ് ആണ് തന്റെ അഞ്ചാമത്തെ കുട്ടിയെ കാണുന്നതിനു മുൻപ് മരണപ്പെട്ടത്. ഇവരുടെ ഭർത്താവ് ഡാനിയേലിനും മറ്റു നാല് കുട്ടികൾക്കും വൈറസ് ബാധിച്ചിരുന്നു. കുട്ടികൾക്ക് രോഗം സുഖപ്പെട്ടെങ്കിലും, ഭർത്താവ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. പ്രസവസമയത്ത് വാക്സിൻ എടുക്കുന്നതിൽ ഡേവി ഭയപ്പെട്ടിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. തന്റെ ഭാര്യ മരിച്ച വിവരം ഇതുവരെ ഗുരുതരാവസ്ഥയിൽ തുടരുന്ന ഡാനിയേൽ അറിഞ്ഞിട്ടില്ല.


മറ്റുള്ളവരെ കൂടി വാക്സിൻ എടുക്കുവാൻ പ്രേരിപ്പിക്കുന്നതിനാണ് കുടുംബാംഗങ്ങൾ ഈ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കിട്ടതതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ദുരന്തം തങ്ങൾക്ക് അംഗീകരിക്കാനാവുന്നതിലും അപ്പുറമാണെന്ന് ഡേവിയുടെ സഹോദരൻ വോങ് സെരെ മാധ്യമങ്ങളോട് പറഞ്ഞു. അതിനാൽ തന്നെ എല്ലാവരും വാക്സിൻ എടുക്കണമെന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവെച്ചത്.


സ്കൂൾ അധ്യാപകനായ ഡാനിയേലിന്റെ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. 34 ആഴ്ച ഗർഭിണിയായിരുക്കുമ്പോഴാണ് ഡേവി രോഗബാധിതയായത്. ഗർഭകാലം പൂർത്തിയാക്കാൻ ആറാഴ്ച ബാക്കിനിൽക്കെ, ഇരുവരെയും രക്ഷിക്കുന്നതിനായി ഡോക്ടർമാർ അടിയന്തരമായി ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഈ കുടുംബത്തെ സഹായിക്കുന്നതിനായി നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.