ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടന്റെ ഊർജ്ജ നിയന്ത്രണ സ്ഥാപനമായ ഒഫ്‌ജെം, ജൂലൈ മുതൽ ഗ്യാസിന്റെയും വൈദ്യുതിയുടെയും വില പരിധി 2,074 പൗണ്ടായി കുറച്ചതിനെത്തുടർന്ന് ഏകദേശം 27 ദശലക്ഷം കുടുംബങ്ങൾ ഈ വേനൽക്കാലത്ത് കുറഞ്ഞ ബില്ലുകൾ അടച്ചാൽ മതിയാകും. ആദ്യം നാലായിരവും കഴിഞ്ഞ 3 മാസങ്ങളിലായി 3,280 പൗണ്ടുമായിരുന്നു വില. അതിൽ നിന്നാണ് കുത്തനെ ഇടിഞ്ഞു 2074 ആയി ചുരുങ്ങിയത്. ഇതിനോടകം ബില്ലുകൾ താങ്ങാനാകുന്ന തരത്തിൽ സർക്കാർ നിരവധി പദ്ധതികൾക്ക് രൂപം നൽകിയതോടെ ഇത് പകരുന്നത് വലിയ ആശ്വാസമാണ്.

എന്നാൽ ധാരാളം കുടുംബങ്ങൾ ഇപ്പോഴും ഇന്ധന ദാരിദ്ര്യത്തിൽ തുടരുന്നതിനാൽ വരും കാലങ്ങളിൽ ഊർജ്ജ ചെലവ് അഭൂതപൂർവമായ നിലയിൽ വർദ്ധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഈ വർഷം ആദ്യ മാസങ്ങളിൽ 4,279 പൗണ്ടിൽ വില എത്തിയിരുന്നു. ഏപ്രിലിൽ ഇത് 3,280 പൗണ്ടായി കുറഞ്ഞു. എന്നാൽ, ഊർജവിലയുടെ ഗ്യാരന്റി ഉപയോഗിച്ച് ബില്ലുകൾ കുറയ്ക്കാൻ സർക്കാർ സഹായ പദ്ധതികൾ ആവിഷ്കരിച്ചതിനാൽ ഊർജവില കുറയുന്നതിന്റെ പൂർണ്ണമായ ഫലം കുടുംബങ്ങൾക്ക് അനുഭവപ്പെടില്ല എന്നാണ് വിദഗ്ധർ പറയുന്നത്. അതായത് ഇടക്കാലത്ത് വിലയിൽ കുറവ് വന്നാലും, വാർഷിക നിരക്ക് പഴയത് പോലെ ആയിരിക്കുമെന്നാണ് അധികൃതർ പങ്കുവയ്ക്കുന്നത്.

ത്രൈമാസികമായി ക്രമീകരിക്കുന്ന ഓഫ്ജെമിൻെറ ഊർജ്ജ വില, ഈ വർഷം മുഴുവനും സമാനമായ നിലവാരത്തിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്ന് ഊർജ്ജ വിദഗ്ധർ പ്രവചിക്കുന്നു. ഒരുപക്ഷെ പഴയതിൽ നിന്ന് നിരക്കുകൾ കൂടാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പായി അധികൃതർ കൂട്ടിച്ചേർക്കുന്നു. എന്നാൽ അതേസമയം, അടുത്ത വർഷം ജനുവരി മുതൽ 2,045 പൗണ്ടായി വീണ്ടും വില ഉയരുന്നതിന് മുമ്പ് ഒക്ടോബറിലെ അടുത്ത ക്രമീകരണത്തിൽ വില പരിധി ഏകദേശം 1,975 പൗണ്ടായി കുറയുമെന്ന് എനർജി കൺസൾട്ടൻസിയായ കോൺവാൾ ഇൻസൈറ്റിലെ വിദഗ്ധർ പറയുന്നു. ആഗോള വിപണിയിലെ പ്രശ്നങ്ങൾ വിലയിൽ പ്രതിഫലിക്കുമെന്നും, വില സംബന്ധിച്ചുള്ള കണക്കുകൂട്ടലുകൾക്ക് പ്രസക്തി ഇല്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.