സമുദ്രാര്‍തിര്‍ത്തി ലംഘിച്ചതിന് 3 മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാര്‍ ആഫ്രിക്കന്‍ രാജ്യമായ എക്വറ്റോറിയല്‍ ഗിനിയില്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പെടുന്നു.
സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് കാട്ടി 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാര്‍ അടങ്ങുന്ന സംഘത്തെ ഇക്വറ്റോറിയല്‍ ഗിനി പിടികൂടുകയായിരുന്നു. നൈജീരിയയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഓഗസ്റ്റ് 12 മുതല്‍ ഇക്വറ്റോറിയല്‍ ഗിനിയിലെ നേവിയുടെ തടവിലാണ് വിജിത്ത് ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍.
വിജിത്തിന് പുറമെ സനു ജോസ്, മില്‍ട്ടണ് എന്നിവരാണ് കപ്പിലിലെ മറ്റ് മലയാളികള്‍. ജീവനക്കാരില്‍ ചിലരുടെ ആരോഗ്യ സ്ഥിതിയും മോശമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും കപ്പല്‍ കസ്റ്റഡിയിലെടുത്തതെന്നും തടവിലാക്കപ്പെട്ടവര്‍ ആരോപിച്ചു.
ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു ഇവരുടെ കപ്പല്‍. തുറമുഖത്തേക്ക് അടുപ്പിക്കാന്‍ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് ഇക്വറ്റോറിയല്‍ ഗിനിയിലെ നേവി ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്.
രാജ്യാതിര്‍ത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളര്‍ പിഴയും ചുമത്തി. ഈ തുക അടച്ചെങ്കിലും ഇതിനു പിന്നാലെ തങ്ങളെ നൈജീരിയന്‍ നേവിക്ക് കൈമാറാന്‍ നീക്കം നടക്കുന്നതായി തടവിലാക്കപ്പെട്ടവര്‍ ആരോപിച്ചു. നൈജീരിയയ്ക്ക് കൈമാറിയാല്‍ എന്തു സംഭവിക്കുമെന്നതില്‍ പിടിയിലായവര്‍ക്ക് ആശങ്കയുണ്ട്.
മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തടവിലായിട്ട് 4 മാസമായെങ്കിലും സംഭവത്തില്‍ ഇതുവരെ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടില്ല. ഇക്വറ്റോറിയല്‍ ഗിനിയുടെ തലസ്ഥാനമായ മാലോബോയിലാണ് സംഘം ഇപ്പോഴുള്ളത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ശക്തമായ ഇടപെടല്‍ ഉണ്ടെങ്കിലേ ഇനി മോചനം സാധ്യമാകൂ.
Leave a Reply