സ്വന്തം ലേഖകൻ
ലണ്ടൻ : ജൂലൈ നാലിന് ഇംഗ്ലണ്ടിലെ പബ്ബുകൾ തുറന്നതിന് പിന്നാലെ കനത്ത ആശങ്കയാണ് പടികടന്നെത്തിയത്. ആദ്യദിവസം തന്നെ സുരക്ഷാ നടപടികൾ പാലിക്കാതെ ആയിരങ്ങളാണ് ആഘോഷം നടത്തിയത്. അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ കൊറോണയുടെ രണ്ടാം ഘട്ട വ്യാപനത്തിന് ഇത് വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. ഇതാ, പബ്ബുകൾ തുറന്ന് മൂന്നു ദിവസങ്ങൾ പിന്നിടുമ്പോൾ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിലെ 3 പബ്ബുകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. വെസ്റ്റ് യോർക്ക്ഷെയറിലെ ഫോക്സ് ആൻഡ് ഹൗണ്ട്സ്, സോമർസെറ്റിലെ ലൈറ്റ്ഹൗസ് കിച്ചൻ ആൻഡ് കാർവറി, ആൽവർസ്റ്റോക്കിലെ വില്ലേജ് ഹോം പബ്ബ് എന്നിവയാണ് അടച്ചുപൂട്ടിയത്. സ്റ്റാഫിന്റെ കുടുംബത്തിലെ ഒരാൾക്ക് വൈറസ് സ്ഥിരീകരിച്ചതിനെതുടർന്ന് തന്റെ ജീവനക്കാർ ഉൾപ്പെടുയുള്ളവർ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്ന് വില്ലേജ് ഹോം പബ്ബിന്റെ ഉടമസ്ഥൻ പറഞ്ഞു. എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രഥമസ്ഥാനം നൽകാൻ തീരുമാനിച്ചതായി ലൈറ്റ്ഹൗസ് കിച്ചൻ മാനേജർ ജെസ് ഗ്രീൻ പറഞ്ഞു. “എന്റെ ഉപഭോക്താക്കളെയും സ്റ്റാഫിനെയും സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ടെന്ന് തോന്നി. അതിനാലാണ് പബ്ബ് അടയ്ക്കാൻ ഞാൻ തീരുമാനിച്ചത്. ” ഗ്രീൻ അറിയിച്ചു.
സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ബേൺഹാമിലെ ഇന്ത്യൻ ടേക്ക്എവേ സാഗറും വെള്ളിയാഴ്ച വരെ അടച്ചു. ഫോക്സ് ആൻഡ് ഹൗണ്ട്സ് ജീവനക്കാർ പരിശോധന നടത്തിയെന്നും വീണ്ടും തുറക്കുന്നതിന് മുമ്പ് പൂർണമായി വൃത്തിയാക്കുമെന്നും ഉടമ പറഞ്ഞു. ശനിയാഴ്ച വീണ്ടും തുറക്കുന്നതിന് മുന്നോടിയായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബാറ്റ്ലി പബ്ബ് അറിയിച്ചു. അകത്ത് കയറുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക, കെട്ടിടത്തിന് ചുറ്റും വൺവേ സംവിധാനം, ടോയ്ലറ്റുകൾ ഉപയോഗിക്കുന്നതിനുള്ള സൗകര്യം എന്നിവ ഒരുക്കുമെന്ന് അവർ അറിയിച്ചു.
ഉപഭോക്താക്കളുമായി ബന്ധപ്പെടുവാൻ ശ്രമിക്കുകയാണെന്ന് ലൈറ്റ്ഹൗസ് കിച്ചൻ അധികൃതർ പറഞ്ഞു. ആൽവർസ്റ്റോക്കിലെ വില്ലേജ് ഹോം പബ്ബ് ശനിയാഴ്ച വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കൗൺസിലിന്റെ ഉപദേശത്തെ ആശ്രയിച്ചിരിക്കും തീരുമാനം എടുക്കുക. കോൺടാക്റ്റ് ട്രെയ്സിംഗ് എങ്ങനെ പ്രവർത്തിപ്പിക്കണം എന്നതിനെക്കുറിച്ച് യുകെ പബ്ബും ഹോസ്പിറ്റാലിറ്റി ട്രേഡ് ബോഡികളും ബാറുകൾക്കും റെസ്റ്റോറന്റുകൾക്കുമായി മാർഗ്ഗനിർദ്ദേശം പ്രസിദ്ധീകരിച്ചു. കോൺടാക്റ്റ് വിശദാംശങ്ങൾ ഒരു ഗ്രൂപ്പിലെ ഒരാളിൽ നിന്നും മാത്രമേ എടുക്കാവൂ, മാത്രമല്ല 21 ദിവസത്തേക്ക് സൂക്ഷിക്കുകയും വേണം. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പബ്ബിലേക്ക് എത്തുന്നവർ അനേകരാണ്. അതിനാൽ തന്നെ അതീവ ജാഗ്രത സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പബ്ബ് ഉടമകൾ.
Leave a Reply