ലണ്ടന്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി തെരേസ മേയ് ഉപയോഗിച്ച സ്വകാര്യ ജെറ്റ് 2015ല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ അന്വേഷണത്തിന് വിധേയമായതെന്ന് വെളിപ്പെടുത്തല്‍. ലാന്‍ഡിംഗ് ഗിയറിലെ പിഴവ് മൂലമാണ് ഈ വിമാനം സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായത്. കഴിഞ്ഞ ദിവസമാണ് മേയ് ഈ വിമാനത്തില്‍ സഞ്ചരിച്ചത്. സിഎല്‍ജെ821 എന്ന വിമാനത്തില്‍ രാവിലെ 10.30ന് സൗത്താപ്ടണില്‍ നിന്ന് യാത്രയാരംഭിച്ച മേയ് നോര്‍വിച്ചിലാണ് യാത്ര അവസാനിപ്പിച്ചത്.

സെല്ലോ ഏവിയേഷന്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ വിമാനത്തിന് 29 വര്‍ഷം പഴക്കമുണ്ട്. 19,000 അടി ഉയരത്തില്‍ പറക്കുന്ന ഈ വിമാനം 2015ല്‍ അപകടത്തില്‍ പെട്ടപ്പോള്‍ ലാന്‍ഡിംഗ് ഗിയറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും ബ്രേക്കിംഗ് സിസ്റ്റം തകരാറിലാകുകയും ഷോക്ക് അബ്സോര്‍ബര്‍ രണ്ടായി ഒടിയുകയും ചെയ്തിരുന്നു. ഈ ചരിത്രം അറിയാതെയാണ് പ്രധാനമന്ത്രിയുടെ യാത്ര ഈ വിമാനത്തിലാക്കിയത്.

എയര്‍ ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് 2013 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വിമാനത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. അപകടം നടക്കുമ്പോള്‍ വിമാനത്തില്‍ 47 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിരുന്നില്ല. വിമാനത്തിന്റെ ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡറില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വ്യക്തമല്ലായിരുന്നെന്നും രേഖകള്‍ പറയുന്നു.