കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ് . നടി സഞ്ചരിച്ച കാറിനെ മൂന്നു വാഹനങ്ങളില്‍ പിന്തുടര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. പോലീസിനാണ് ഇക്കാര്യത്തെപ്പറ്റിവിവരം ലഭിച്ചത്. ഒരു വാഹനം മാത്രമാണു നടിയെ പിന്‍തുടര്‍ന്നതെന്ന മൊഴികളില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി ഉറച്ചുനില്‍ക്കുമ്പോഴാണു മറ്റു രണ്ടു വാഹനങ്ങളുടെ വിവരം പൊലീസിനു ലഭിച്ചത്. ദേശീയപാതയില്‍ സ്വകാര്യ വ്യക്തികള്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളില്‍ ഈ വാഹനങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സുനില്‍കുമാര്‍ സഞ്ചരിച്ച വാഹനത്തിനു പിന്നിലും നടി സഞ്ചരിച്ച കാറിനു മുന്നിലുമായാണ് ഇവ നീങ്ങിയത്. മൂന്നു ദിവസം കൂടിയാണ് പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ പോലീസിന് അനുവാദമുള്ളത്. സുനിലിന്റെ മനസിലുള്ള രഹസ്യങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേസന്വേഷണം ഏതാണ്ട് അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണ്. അതേസമയം സുനിലിനൊപ്പം അറസ്റ്റിലായ ഗുണ്ടകള്‍ക്കു മറ്റു രണ്ടു വാഹനങ്ങളെ കുറിച്ച് അറിവില്ലായിരുന്നു. എന്നാല്‍ സുനിലിന് ഇക്കാര്യം വ്യക്തമായി അറിവുണ്ടായിരുന്നെന്നു പൊലീസ് കരുതുന്നു. ഈ വാഹനങ്ങളില്‍ സഞ്ചരിച്ചിരുന്നവരുടെ വിവരം പുറത്തുവരാതിരിക്കാനുള്ള ശ്രമമാണു സുനിലിന്റെ മൊഴികളില്‍ ഉടനീളം കാണുന്നത്. സുനില്‍ ഒഴികെയുള്ള മറ്റു പ്രതികള്‍ പോലും അറിയാതെ രണ്ടു വാഹനങ്ങള്‍ കൂടി നടിയുടെ കാറിനു മുന്നിലും പിന്നിലും നീങ്ങിയെന്ന രഹസ്യവിവരം സംഭവത്തിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചു സൂചന നല്‍കുന്നതാണ്. അറസ്റ്റിലായ പ്രതികളില്‍ തമ്മനം മണികണ്ഠനു മാത്രമാണു കാറിനുള്ളില്‍ നടന്ന അതിക്രമത്തെ കുറിച്ചു നേരിട്ട് അറിയാവുന്നത്. നടിയെ സുനില്‍ ഉപദ്രവിക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നതു മണികണ്ഠനാണ്. പിറ്റേന്നു രാവിലെ സമൂഹ മാധ്യമങ്ങളില്‍ നിന്നാണു നടിയെ സുനില്‍ ഉപദ്രവിച്ച കാര്യം മനസ്സിലാക്കിയതെന്നു മറ്റു പ്രതികള്‍ മൊഴി നല്‍കി. സംഭവത്തിന്റെ പൂര്‍ണ വിവരങ്ങള്‍ സുനില്‍കുമാറിന്റെ മാത്രം അറിവില്‍ ഒതുക്കിനിര്‍ത്തിയാണു കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നു പൊലീസ് കരുതുന്നു. ഗുണ്ടകളായ വടിവാള്‍ സലിം, പ്രദീപ്, വിജീഷ് എന്നിവരെ ചോദ്യം ചെയ്തിട്ടും ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു ലഭിച്ചില്ല. എല്ലാം അറിയാവുന്ന പള്‍സര്‍ സുനിയെ കൊണ്ടു സത്യം പറയിക്കാനുള്ള നീക്കങ്ങള്‍ ഇതുവരെ ഫലം കണ്ടില്ല.