നിയന്ത്രണത്തിന് പുല്ലുവില…! നെടുങ്കണ്ടം രാജാപ്പാറയിലുള്ള സ്വകാര്യ റിസോർട്ടിൽ കോവിഡ് നിയന്ത്രണങ്ങളെ കാറ്റിൽപ്പറത്തി വ്യവസായി സംഘടിപ്പിച്ച നിശാപാർട്ടി; പങ്കെടുത്തത് സെലിബ്രിറ്റികളും നേതാക്കളും മതമേലധ്യക്ഷന്മാരും

നിയന്ത്രണത്തിന് പുല്ലുവില…! നെടുങ്കണ്ടം രാജാപ്പാറയിലുള്ള സ്വകാര്യ റിസോർട്ടിൽ കോവിഡ് നിയന്ത്രണങ്ങളെ കാറ്റിൽപ്പറത്തി വ്യവസായി സംഘടിപ്പിച്ച നിശാപാർട്ടി; പങ്കെടുത്തത് സെലിബ്രിറ്റികളും നേതാക്കളും മതമേലധ്യക്ഷന്മാരും
July 04 12:17 2020 Print This Article

ഇടുക്കിയിൽ രാജാപ്പാറയിലുള്ള സ്വകാര്യ റിസോർട്ടിൽ കൊവിഡ് സാഹചര്യത്തിലെ പ്രത്യേക നിയന്ത്രണങ്ങളെ കാറ്റിൽപ്പറത്തി വ്യവസായി സംഘടിപ്പിച്ച നിശാപാർട്ടിയിൽ പങ്കെടുത്തത് ഉന്നതർ. റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും മദ്യസത്കാരവും സംഘടിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർചെയ്തു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചായിരുന്നു മുന്നൂറോളം പേരെ പങ്കെടടുപ്പിച്ച് പാർട്ടി നടത്തിയത്. സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനെതിരേയാണ് ശാന്തൻപാറ പോലീസ് വ്യാഴാഴ്ച കേസെടുത്തത്. നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്.

ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ജൂൺ 28ന് ഡിജെ പാർട്ടിയും ബെല്ലി ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികളും ഉണ്ടായിരുന്നു. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടു. മതമേലധ്യക്ഷന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവർത്തകരും ഉന്നതോദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

ഈ പാർട്ടി സജ്ജീകരിച്ചത് സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ്. ആഘോഷത്തിൽ മുന്നൂറോളം പേർ പങ്കെടുത്തെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമികവിവരം. ഒരേസമയം 60 മുതൽ നൂറു പേർവരെ ഒത്തുചേർന്നു. മദ്യപിക്കുന്നതിനുള്ള സൗകര്യവും ഏർപ്പാടാക്കിയിരുന്നു. ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചെന്നാണ് വിവരം.

വ്യാപകമായി ആക്ഷേപം ഉയർന്നിട്ടും ആദ്യഘട്ടത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. ഇതിൽ പ്രതിഷേധമുയർന്നപ്പോഴാണ് കേസെടുത്തത്. പാർട്ടി നടന്ന ദിവസം റിസോർട്ടിൽ പരിശോധന നടത്താൻ പോലീസെത്തിയതായും വിവരമുണ്ട്. എന്നാൽ ഉന്നത ഇടപെടലിനെത്തുടർന്ന് ഇവർ മടങ്ങുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ശാന്തൻപാറ പോലീസ് അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ജില്ലാ പോലീസ് മേധാവിയോട് സംസാരിച്ച് നടപടി ഉറപ്പുവരുത്തിയിരുന്നു എന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles