ബിന്‍സു ജോണ്‍
ലെസ്റ്ററിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഇടയന് ഇന്ന് പൗരോഹിത്യ വഴിയില്‍ മുപ്പത് സംവത്സരങ്ങളുടെ നിറവ്. 1987 ഡിസംബര്‍ 29ന് പുതുപ്പാടിയിലെ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വച്ച് മാര്‍. സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവില്‍ നിന്നായിരുന്നു ജോര്‍ജ്ജ് അച്ചന്‍ പൗരോഹിത്യ ദൗത്യം ഏറ്റെടുത്തത്. പിന്നിട്ട മുപ്പത് വര്‍ഷങ്ങളില്‍ സീറോ മലബാര്‍ സഭയ്ക്കും വിശ്വാസി സമൂഹത്തിനും വേണ്ടി ഒട്ടനവധി നല്ല കാര്യങ്ങള്‍ ചെയ്ത് തീര്‍ത്ത ചാരിതാര്‍ത്ഥ്യവുമായി ജോര്‍ജ്ജ് അച്ചന്‍ ഇന്ന് യുകെയിലെ സീറോമലബാര്‍ സഭയ്ക്ക് മുതല്‍ക്കൂട്ടായി പ്രവര്‍ത്തിക്കുകയാണ്.
പൗരോഹിത്യ വ്രതം സ്വീകരിച്ച് കുളത്തുവയല്‍ ഇടവകയില്‍ അസിസ്റ്റന്റ്റ് വികാരിയായി തുടങ്ങിയ ഫാ. ജോര്‍ജ്ജ് തോമസ് തുടര്‍ന്ന് താമരശ്ശേരി രൂപതയിലെ വിവിധ ചുമതലകള്‍ ഏറ്റെടുത്ത് നിര്‍വഹിച്ചിട്ടുണ്ട്. താമരശ്ശേരി രൂപതയുടെ കാറ്റക്കിസം ഡയറക്ടര്‍, മിഷന്‍ ലീഗ് ഡയറക്ടര്‍ മുതലായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് ജോര്‍ജ്ജ് അച്ചന്‍ നടത്തിയിട്ടുള്ള സേവനങ്ങള്‍ പ്രശംസനീയമാണ്.
ഫിലോസഫി, തിയോളജി വിഷയങ്ങളില്‍ ബിരുദവും സോഷ്യോളജി, ഇംഗ്ലീഷ് സാഹിത്യം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും ബിഎഡും കരസ്ഥമാക്കിയിട്ടുള്ള ഫാ. ജോര്‍ജ്ജ് തോമസ് 2005 മുതല്‍ താമരശ്ശേരി രൂപതയുടെ കീഴിലുള്ള അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 2015ല്‍ സിബിസിഐയുടെ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ലെസ്റ്റര്‍ സീറോ മലബാര്‍ സമൂഹം പ്രതിസന്ധി നേരിട്ടപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്‍റെ പ്രത്യേക താത്പര്യ പ്രകാരമാണ് ജോര്‍ജ്ജച്ചന്‍ യുകെയിലെത്തുന്നത്. സ്നേഹപൂര്‍വ്വമായ സമീപനത്തിലൂടെ വിനയം മുഖമുദ്രയാക്കി ലെസ്റ്റര്‍ സീറോ മലബാര്‍ സമൂഹത്തെ വിശ്വാസ വഴിയില്‍ നയിക്കുന്ന അച്ചന്‍ എല്ലാം ഇഷ്ട മദ്ധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹമായിട്ടാണ് കാണുന്നത്.
ബഹുമാനപ്പെട്ട ജോര്‍ജ്ജച്ചന് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ആശംസകള്‍
Leave a Reply