മരണത്തിന്റെ വക്കോളമെത്തി ജീവിതത്തിലേക്ക് തിരികെ വരുമ്പോഴും അവസാനപ്രതീക്ഷയും അസ്തമിച്ചു മരണത്തെ കാത്തുകിടക്കുമ്പോഴും എല്ലാ മനുഷ്യരുടെയും കണ്ണുകളില്‍ തിരയടിക്കുന്നത് ഒരേ വികാരവിചാരങ്ങളാകും. ഇത്തരം മുഖങ്ങള്‍ ഏറ്റവുമധികം കണ്ടിട്ടുണ്ടാവുക ഒരു നഴ്‌സായിരിക്കും. ഒന്നോര്‍ത്തുനോക്കൂ, ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു നഴ്‌സിന്റെ സഹായം തേടാത്ത, അവരുടെ പരിചരണം ഏറ്റുവാങ്ങാത്ത ആരെങ്കിലും ഉണ്ടാകുമോ? ഉറ്റവരും ഉടയവരും അരികിലില്ലാതെ,ഒറ്റയ്ക്ക് പോരാടേണ്ടി വന്ന ജീവിതസന്ധികളില്‍ ഒരു നഴ്‌സിന്റെ സ്‌നേഹപരിചരണങ്ങള്‍ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ലേ?

ഭൂമിയിലെ മാലാഖമാരെന്നാണ് നഴ്‌സുമാരെ പൊതുവെ വിശേഷിപ്പിക്കുന്നത്. ഒരു പക്ഷെ ഇത്രയധികം നേഴ്‌സുമാർ ഉള്ള കേരളത്തെ സംബന്ധിച്ചടത്തോളം ഒരു നേഴ്‌സ് എങ്കിലും ഇല്ലാത്ത വീട് വളരെ കുറവാണ് എന്ന് തന്നെ പറയാം. കേരളത്തിന്റെ സാമ്പത്തികം ഒരു പരിധി വരെ പ്രവാസികളായ നഴ്സുമാർ ഉൾപ്പെടുന്ന സമൂഹത്തിന്റെ ആണ് എന്നുള്ളത് ഒരു നഗ്നസത്യം. മറ്റുള്ളവരോടുള്ള അവരുടെ ഇടപെടലും സമീപനവും ശുശ്രൂഷകളുമെല്ലാമാണ് അങ്ങനെയൊരു പേര് അവര്‍ക്ക് ലഭിക്കുന്നതിന് കാരണമായതും. യുകെയിലെ നഴ്‌സുമാരെക്കുറിച്ചു എഴുതിയ ഒരു ലേഖനമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ചര്‍ച്ചചെയ്യപ്പെടുന്നതും ശ്രദ്ധേയവുമായിരിക്കുന്നത്.

നഴ്‌സുമാരെ വിവാഹം കഴിക്കുന്ന പുരുഷന്മാരാണ്, മറ്റ് പ്രൊഫഷനുകളില്‍ നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ സന്തോഷവാന്മാരായി കാണപ്പെടുന്നത് എന്നാണ് ഈ ലേഖനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. യുകെയിലെ വളരെ പ്രസിദ്ധമായ ഒരു ഓൺലൈൻ മാഗസിനിൽ ആണ് ഈ ലേഖനം വന്നിരിക്കുന്നത്. പല കാരണങ്ങളാണ് ഇതിന് തെളിവായി പറയുന്നത്. ഒരേസമയം കര്‍ക്കശക്കാരും ലോല ഹൃദയരുമാണ് നഴ്‌സുമാര്‍. ഒരു വ്യക്തിയുടെ ഏറ്റവും മോശം അവസ്ഥയില്‍ അവരോടൊപ്പമായിരിക്കുകയും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്യുന്നവരാണ് അവര്‍. പരാതികൾ ക്ഷമയോടെ കേൾക്കുകയും വേദനകളും പരിഹരിക്കുന്നവര്‍ ഈ നേഴ്‌സുമാർ. ഒരാളുടെ മനസികാവസ്ഥക്ക്‌ അനുസരിച്ചു  ആവശ്യനേരങ്ങളില്‍ സപ്പോര്‍ട്ട് നല്‍കാന്‍ അവരെ കഴിഞ്ഞേ ആളുള്ളത്രേ.

ജീവിതത്തിലെ പ്രധാനപ്പെട്ടവയെ ആവശ്യമായ ശ്രദ്ധയും കരുതലും നല്‍കി സംരക്ഷിക്കാന്‍ നഴ്‌സുമാര്‍ക്ക് പ്രത്യേക കഴിവുണ്ട്. നേഴ്‌സിങ് ജോലിയിൽ  ദിവസേന അത്യാഹിതങ്ങള്‍ കാണുന്നതുകൊണ്ട് ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് എപ്പോഴും നന്ദിയും കരുതലും ഉണ്ടാവും. ക്ഷമയുടെ കാര്യം പറയുകയേ വേണ്ട. ജോലിയുടെ ഓരോ നിമിഷത്തിലും അതാണല്ലോ അവര്‍ ശീലിച്ചിരിക്കുന്നത്. കരുണയും സ്‌നേഹവും പങ്കുവയ്ക്കാന്‍ നഴ്‌സുമാര്‍ക്ക് പ്രത്യേക കഴിവുണ്ട്. മികച്ച അമ്മമാരാകാനും അവരാണ് മിടുക്കര്‍. കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവരെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.

ജീവിതത്തിലെ അത്യാഹിത സന്ദര്‍ഭങ്ങളെ കൈകാര്യം ചെയ്യുന്നതിലും അവര്‍ വിരുതരാണ്. വീണ്ടു വിചാരമില്ലാതെ എടുത്തുചാടി ഒരു തീരുമാനവും അവര്‍ ജീവിതത്തില്‍ എടുക്കുകയുമില്ല. ഇതുകൊണ്ടൊക്കെയാണത്രേ നഴ്‌സുമാരുടെ ഭര്‍ത്താക്കന്മാര്‍ കൂടുതല്‍ സന്തോഷവാന്മാരായി കാണപ്പെടുന്നത്, ലേഖനം പറയുന്നു. എന്തായാലും ഈ ലേഖനം നേഴ്‌സുമാരുടെ വിവാഹ ആലോചനകൾക്ക് കൂടുതൽ പ്രാധാന്യം ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കാം.