മലയാളികളുടെ പ്രിയപ്പെട്ട താരവും അവതാരകയുമായിരുന്നു മീര നന്ദൻ. ഇടയ്ക്ക് സിനിമയിൽ നിന്നും അവധിയെടുത്ത് പഠനവും റേഡിയോ ജോക്കിയെന്ന കരിയറും താരം തെരഞ്ഞെടുത്തു. ഇപ്പോൾ ദുബായിയിൽ എഫ്എം ആർജെയായി ജോലി ചെയ്യുന്ന മീര നന്ദൻ തന്റെ മുപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്.
കഴിഞ്ഞ ദശാബ്ദം നല്ലതായിരുന്നെന്നും ഒരുപാട് കാര്യങ്ങൾ പഠിക്കുകയും പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ടെന്ന് മീര പറയുന്നു. കൂടാതെ തനിക്ക് പ്രണയവും പ്രണയ തകർച്ചയും ഉണ്ടായെന്നും ഒരുപാട് സുഹൃത്തുക്കളെ സമ്പാദിക്കാനായെന്നും കുടുംബമാണ് വലുതെന്ന് തിരിച്ചറിഞ്ഞെന്നും താരം കൂട്ടിച്ചേർക്കുന്നു.
മുപ്പതാം പിറന്നാൾ ദിനത്തിൽ സോഷ്യൽമീഡിയയിൽ എഴുതിയ കുറിപ്പിലാണ് ഈ തുറന്നുപറച്ചിലുകൾ. ഇരുപതുകളിൽ നിന്നും മുപ്പതുകളിലേക്ക് കടക്കുമ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റത്തെ കുറിച്ചും നേടിയ അനുഭവങ്ങളെ കുറിച്ചും ആണ് നടി പങ്കുവച്ചിരിക്കുന്നത്.
‘എന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ഒരുപാട് കാര്യങ്ങൾ പഠിക്കുകയും പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഞാൻ എന്താണോ അതിലേക്ക് എത്തിച്ചേരാൻ, ഉയർച്ചയോ താഴ്ചയോ, ഒന്നിനും മാറ്റം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.’കോളജ് പൂർത്തിയാക്കി, ഒരു ഡിഗ്രി നേടി അതിനിടയിൽ അഭിനയത്തിലും തുടക്കംകുറിച്ചു, ദുബായിയിലേക്ക് മാറിത്താമസിച്ചു, റേഡിയോയിൽ ഒരു കൈ നോക്കാൻ അവസരം കിട്ടി (ഇപ്പോൾ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും അതാണ്).’
‘ഒറ്റയ്ക്ക് ജീവിച്ചു. പ്രണയത്തിലായി, ഹൃദയത്തകർച്ചകൾ നേരിട്ടു. ആദ്യം സ്വയം സ്‌നേഹിക്കണമെന്ന് പഠിച്ചു. എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസ്സിലാക്കി. പുതിയ സുഹൃത്തുക്കളെ നേടി. ഇപ്പോൾ ഒരു മഹാമാരിയിലൂടെ കടന്നുപോകുന്നു പക്ഷേ കൂടുതൽ നല്ല ദിനങ്ങൾ മുന്നിലുണ്ടെന്ന് അറിയുന്നു. എന്റെ ഇരുപതുകൾ നല്ലതായിരുന്നു, പക്ഷേ മുപ്പതുകൾ കൂടുതൽ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’- മീര കുറിച്ചു.
ടെലിവിഷൻ അവതാരകയും റിയാലിറ്റി ഷോ മത്സരാർത്ഥിയുമൊക്കെയായാണ് മീര നന്ദൻ കരിയർ തുടങ്ങിയതെങ്കിലും പിന്നീട് ലാൽജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം മുല്ലയിൽ നായികയായാണ് സിനിമയിലേക്ക് അരങ്ങേറിയത്.
Leave a Reply