ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 351 കോടിയുടെ വരുമാനം കിട്ടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ.എസ്.അനന്തഗോപന്‍ അറിയിച്ചു. നാണയങ്ങള്‍ ഇനിയും എണ്ണിത്തീരാനുണ്ട്. 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തല്‍.
അതിനിടെ നാണയം എണ്ണാന്‍ നിയോഗിച്ച ജീവനക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. എഴുപത് ദിവസമായി ജീവനക്കാര്‍ ജോലി ചെയ്യുകയാണ്. തുടര്‍ച്ചയായി ജോലി ചെയുന്ന ജീവനക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് വിശ്രമം അനുവദിച്ചത്. ബാക്കിയുള്ള നാണയങ്ങള്‍ ഫെബ്രുവരി 5 മുതല്‍ എണ്ണും.
നാണയത്തിന്റെ മൂന്ന് കൂനകളില്‍ ഒന്ന് മാത്രമാണ് ഇതുവരെയായി എണ്ണി തീര്‍ന്നത്. ഇങ്ങനെ തുടരുകയാണെങ്കില്‍ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും രണ്ടുമാസം എടുക്കും. അതേസമയം നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാണിക്കയായി കിട്ടിയ കറന്‍സിയുടെ എണ്ണല്‍ പൂര്‍ത്തിയായത്.
നോട്ടും നാണയവും കൂടെ 119 കോടിയാണ് ഇതുവരെ എണ്ണിത്തീര്‍ന്നത്. ഇനി എണ്ണിത്തീരാനുളളത് 15-20 കോടിയോളം രൂപയുടെ നാണയമാണെന്നാണ് നിഗമനം. ഒമ്പത് മണിക്കൂറാണ് തുടര്‍ച്ചയായി നാണയമെണ്ണുന്നത്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിടും.
ഇങ്ങനെ വേര്‍തിരിക്കുന്ന നാണയങ്ങള്‍ അന്നദാനമണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തുകയാണു ചെയ്യുന്നത്. സ്റ്റൂളില്‍ ഇരുന്നാണു ജോലി ചെയ്യുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെവന്ന് ജീവനക്കാരെ പരിശോധിക്കുന്നുമുണ്ട്.
Leave a Reply