പാകിസ്ഥാനില്‍ വിവിധയിടങ്ങളില്‍ തീവ്രവാദി ആക്രമണം. ഇതുവരെ ലഭ്യമായ വിവരങ്ങളനുസരിച്ച് 39 പേര്‍ കൊല്ലപ്പെട്ടു. തോക്കുധാരികള്‍ വാഹനം തഞ്ഞു നിര്‍ത്തി 23 പേരെ വെടിവെച്ചു കൊല്ലുകയായിരുന്നു.

ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളില്‍ നിന്ന് യാത്രക്കാരെ നിര്‍ബന്ധപൂര്‍വ്വം പുറത്തിറക്കിയായിരുന്നു കൊലപാതകങ്ങള്‍. ബലൂചിസ്താനിലെ മുസാഖൈല്‍ ജില്ലയിലെ പഞ്ചാബ്-ബലൂചിസ്താന്‍ ഹൈവേയിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അക്രമികള്‍ ബസുകളും ട്രക്കുകളും വാനുകളും തടഞ്ഞുനിര്‍ത്തി ആളുകളുടെ പരിശോധിച്ച ശേഷം തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഘത്തില്‍ നാല്‍പതോളം പേര്‍ ഉണ്ടായിരുന്നതായാണ് നിഗമനം. പത്ത് വാഹനങ്ങള്‍ക്ക് തീയിട്ടു.

അധികൃതര്‍ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി മുസാഖൈല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നജീബ് കാക്കര്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിരോധിത തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മിയാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് അയച്ച പ്രസ്താവനയില്‍ സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തു.

തങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഹൈവേ ഉപയോഗിക്കരുതെന്ന് സംഘടന നേരത്തെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബലൂചിസ്താനിലെ മറ്റ് രണ്ട് ജില്ലകളിലും അക്രമണം ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. ബോലാന്‍ ജില്ലയില്‍ പഞ്ചാബിനേയും സിന്ധിനേയും ബന്ധിപ്പിക്കുന്ന റെയില്‍ പാതയില്‍ റെയില്‍വേ മേല്‍പാലത്തിന് തീയിട്ടു.

ഇതിന്റെ സമീപത്തു നിന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കലാട് ജില്ലയില്‍ നാല് പാരാമിലിറ്ററി ഉദ്യോഗസ്ഥരും ഒരു പോലീസുകാരനുമുള്‍പ്പടെ പത്തുപേര്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.