ന്യൂഡല്‍ഹി: ഹരിദ്വാറില്‍ നടക്കാനിരിക്കുന്ന കുംഭമേളയിലും രാജ് തലസ്ഥാനത്തും ട്രെയിനുകളിലുമുള്‍പ്പെടെ ഭീകരാക്രമണത്തിനു പദ്ധതിയിട്ട സംഘം പിടിയില്‍. ഇവര്‍ക്ക് ഐസിസ് ബന്ധമുള്ളതായും വിവരമുണ്ട്. ഉത്തര്‍പ്രദേശിലെ ഹരിദ്വാറില്‍ നടക്കാനിരിക്കുന്ന കുംഭമേളയ്ക്കിടെയും ട്രെയിനുകളിലും ദേശീയ തലസ്ഥാനത്തെ സുപ്രധാന ഇടങ്ങളിലും ഇവര്‍ ആക്രമണത്തിന് പദ്ധതി തയാറാക്കിയിരുന്നുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
റിപ്പബ്ലിക്ദിനാഘോഷ ചടങ്ങുകള്‍ക്കിടെ ആക്രമണം നടത്താന്‍ ഐസിസ് പദ്ധതിയിട്ടിരുന്നതായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഉന്നതതലയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രഞ്ച് പ്രസിഡന്റാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥി. അറസ്റ്റിലായ നാല് തീവ്രവാദികളും സിറിയയിലേക്ക് ഫോണില്‍ ബന്ധപ്പെടുന്നതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബോംബ് നിര്‍മാണത്തെക്കുറിച്ച് വെബ്‌സൈറ്റുകളില്‍ നിന്ന് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചതായും പൊലീസ് പറയുന്നു.