മലയാളം യുകെ ന്യൂസ് ബ്യുറോ

അപകടങ്ങൾ കുറക്കുന്നതിനായി പുതിയതായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചവരെ രാത്രി യാത്രയിൽ നിന്നും നിരോധിക്കാൻ ആലോചിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഫോർ ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു. ഒരു ക്രമാനുഗതമായ ലൈസൻസ് സംവിധാനം നടപ്പിലാക്കാനും തീരുമാനമുണ്ട്. ഇതിലൂടെ പുതിയ ഡ്രൈവർമാർക്ക് കുറെയധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാത്രി യാത്ര ഒഴിവാക്കുക, യാത്രക്കാരുടെ പ്രായപരിധിയിലുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവ ഇതിൽപ്പെടും.

പുതുതായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച അഞ്ചിലൊന്ന് പേരും ആദ്യവർഷങ്ങളിൽ അപകടങ്ങളിൽ പെടുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ലൈസൻസ് കിട്ടി എത്ര വർഷം വരെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്നത് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ശൈത്യകാലത്ത് നോർത്ത് സ്കോട്ട്ലൻഡിൽ മറ്റും 6 മണിക്കൂർ മാത്രമേ സൂര്യപ്രകാശം ഉണ്ടാകാറുള്ളു. അതിനാൽ ഈ നിയമം യാത്രക്കാരെ ബാധിക്കാനും സാധ്യതയുണ്ട്.

നിലവിലുള്ള നിയമം അനുസരിച്ച് ആദ്യ രണ്ടു വർഷങ്ങളിൽ ആറു പെനാലിറ്റികൾ വന്നാൽ ഡ്രൈവിംഗ് ലൈസൻസ് അസാധുവാകും. എന്നാൽ വാഹനമോടിക്കുന്ന സമയത്തിനോ, യാത്രക്കാരുടെ പ്രായപരിധിക്കോ നിലവിലെ നിയമങ്ങളിൽ നിയന്ത്രണമില്ല.

ലോകത്തിലെതന്നെ സുരക്ഷിതമായ റോഡുകളാണ് ഇംഗ്ലണ്ടിൽ ഉള്ളതെന്നും, എന്നാൽ അതിനെ കൂടുതൽ അപകട രഹിതമാക്കാനാണു ശ്രമിക്കുന്നതെന്നും റോഡ് സേഫ്റ്റി മിനിസ്റ്റർ മൈക്കിൾ എല്ലിസ് അഭിപ്രായപ്പെട്ടു. ക്രമാനുഗതമായ ലൈസൻസ് സംവിധാനം യുഎസിലെ കാലിഫോർണിയയിലും, ഓസ്ട്രേലിയയിലും, സ്വീഡനിലും മറ്റും നിലവിലുണ്ട്. എന്നാൽ ബ്രിട്ടണിൽ ഈ സംവിധാനത്തെ മുൻപ് നിരസിച്ചതാണ്. യുവാക്കളുടെ തൊഴിലിനെയും വിദ്യാഭ്യാസത്തെയും ഇത് ബാധിക്കും എന്നതായിരുന്നു നിരസിക്കാനുള്ള കാരണം. എന്നാൽ അപകടനിരക്ക് വർദ്ധിക്കുന്നതിനാൽ ആണ് ഈ സംവിധാനം കൊണ്ടുവരുന്നതിനായി ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.