കാനഡയിലെ ടൊറന്റോയില്‍ നടന്ന വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ചിരുന്ന ടെസ്ല കാര്‍ ഡിവൈഡറില്‍ ഇടിക്കുകയും തൊട്ടുപിന്നാലെ ബാറ്ററിയില്‍ നിന്ന് തീപടര്‍ന്ന് വാഹനം കത്തിയമരുകയുമായിരുന്നു. ഇവരുടെ കാര്‍ സെല്‍ഫ് ഡ്രൈവിങ് മോഡലാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
മരിച്ചവരില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. ഗുജറാത്തിലെ ഗോധ്ര സ്വദേശികളായ കേതബ ഗൊഹില്‍ (30), സഹോദരന്‍ നീല്‍രാജ് ഗൊഹില്‍ (26), ഗുജറാത്തിലെതന്നെ ആനന്ദ് സ്വദേശികളായ ദിഗ്വിജയ് പട്ടേല്‍ (32), ജയ് സിസോദിയ (20) എന്നിവരാണു മരിച്ചത്. 20കാരിയായ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തില്‍ ബാറ്ററിക്ക് തീപിടിക്കുകയും കാറിന് തീപിടിക്കുകയുമായിരുന്നു. അപകടസമയം ഇതുവഴി കടന്നുപോയവരാണ് യാത്രികരെ കാറിന്റെ ചില്ലുകള്‍ പൊട്ടിച്ചു പുറത്തെടുത്തത്.
കാനഡയിലെ ബ്രാംപ്ടണിലാണ് സംഘം താമസിച്ചിരുന്നത്. അത്താഴം പുറത്തുപോയി കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഞ്ച് പേരും. മരിച്ച കേതബ ആറ് വര്‍ഷം മുന്‍പായിരുന്നു കാനഡയിലേക്ക് താമസം മാറിയത്. ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് നീല്‍രാജ് കാനഡയിലെത്തിയത്.
Leave a Reply