ലണ്ടന്‍: എന്‍എച്ച്എസിന് കൂടുതല്‍ പണം അനുവദിക്കുകയും സ്വയം തൊഴിലുകാര്‍ക്കും നിക്ഷേപകര്‍ക്കമുള്ള നികുതി വര്‍ദ്ധിപ്പിക്കുകയും വിദ്യാഭ്യാസത്തിനും പരിശീലനത്തിനും കൂടുതല്‍ പണമനുവദിക്കുകയും ചെയ്ത ബജറ്റ് ഇന്നലെ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അവതരിപ്പിച്ചു. 5ജി സാങ്കേതികതയ്ക്കും ഡ്രൈവറില്ലാ വാഹനങ്ങളുടെ ഗവേഷണത്തിനുമായി കൂടുതല്‍ പണം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മിനിമം വേതനത്തില്‍ വളരെ നേരിയ വര്‍ദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളത്. ഇത്തരത്തില്‍ ജനോപകാരപ്രദവും അതേസമയം ബുദ്ധിമുട്ടുകള്‍ ഏറെ സൃഷ്ടിക്കുന്നവയുമായ നിര്‍ദേശങ്ങള്‍ അടങ്ങിയ ബജറ്റില്‍ സ്പര്‍ശിക്കാതെ പോയ സുപ്രധാനമായ ചില കാര്യങ്ങളുണ്ട്.
1 ബ്രെക്‌സിറ്റ്

ബ്രെക്‌സിറ്റ് പ്രതിസന്ധികളെ നേരിടാന്‍ പ്രത്യേക ഫണ്ട് ചാന്‍സലര്‍ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുമ്പോളുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ 60 ബില്യന്‍ പൗണ്ടിന്റെ കരുതല്‍ ഫണ്ട് നിര്‍ദേശമുണ്ടാകമെന്നായിരുന്നു റിപ്പോര്‍ട്ട്. പുറത്തുപോകുമ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ കോടിക്കണക്കിന് പൗണ്ട് ‘ഡിവോഴ്‌സ് ബില്ലാ’യി ആവശ്യപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങളാണ് ഇത്തരം ഒരു ഫണ്ടിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് കാരണം. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്ന കാര്യം രണ്ടു തവണ പരാമര്‍ശിച്ചെങ്കിലും അതിനായി മാറ്റിവെക്കുന്ന പണത്തേക്കുറിച്ച് ഹാമണ്ട് കാര്യമായി ഒന്നും പറഞ്ഞില്ല.

2 ഹൗസിംഗ്

ബ്രിട്ടനില്‍ തുടര്‍ന്നുവരുന്ന ഹൗസിംഗ് പ്രതിസന്ധിയേക്കുറിച്ച് ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശം ഉണ്ടായതേയില്ല. ബ്രിട്ടനില്‍ വീടുകള്‍ സ്വന്തമായുള്ളവരുടെ എണ്ണം 30 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ അനുപാതത്തിലാണ് ഇപ്പോളുള്ളത്. തെരുവില്‍ ഉറങ്ങുന്നവരുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.

3 പെന്‍ഷന്‍

പെന്‍ഷന്‍ വിഷയത്തില്‍ ഒരുറപ്പും ചാന്‍സലര്‍ നല്‍കിയില്ല. ബജറ്റ് പ്രസംഗം നടക്കുമ്പോള്‍ പെന്‍ഷന്‍കാരായ സ്ത്രീകള്‍ കോമണ്‍സിനു പുറത്ത് പ്രതിഷേധം നടത്തുകയായിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയിലെ പെന്‍ഷന്‍ പ്രായ വ്യത്യാസം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

4 പരിസ്ഥിതി

ബജറ്റില്‍ പരിസ്ഥിതിയേക്കുറിച്ച് ഒരക്ഷരം പോലും ചാന്‍സലര്‍ എഴുതിച്ചേര്‍ത്തിരുന്നില്ല. പ്രതിവര്‍ഷം 40,000 മരണങ്ങള്‍ വായുമലിനീകരണം മൂലം ഉണ്ടാകുന്നു എന്നാണ് കണക്ക്. ഇതിനെ പ്രതിരോധിക്കുന്നതിനേക്കുറിച്ചോ കാലാവസ്ഥാമാറ്റത്തേക്കുറിച്ചോ ഹാമണ്ട് തന്റെ പ്രസംഗത്തില്‍ ഒന്നും പറഞ്ഞില്ലെന്നും വിമര്‍ശകര്‍ പറയുന്നു.