ന്യൂസ് ഡെസ്ക് മലയാളം യുകെ

മൂന്ന് ചാരിറ്റിക്കായി പണം സ്വരൂപിക്കാൻ 300 കിലോമീറ്ററിലധികം മൗണ്ടെയ്ൻ ബൈക്കിംഗ് നടത്തിയ മലയാളി യുവാക്കൾ ലോകമെങ്ങുമുള്ള മലയാളി യുവത്വത്തിന് മാതൃകയാവുകയാണ്. ‘റൂട്ട് 66’ എന്ന് പേരിട്ടിരിക്കുന്ന സാഹസിക യാത്ര നാല് ദിവസം ദൈർഘ്യമേറിയതായിരുന്നു. സ്റ്റോക്ക് ഓൺ ട്രെൻഡ് നിവാസിയും വിദ്യാർത്ഥിയുമായ സിബിൻ പടയാറ്റി സിറിയക്, സിറിൽ പടയാറ്റി സിറിയക്, ഡോൺ പോളി മാളിയേക്കൽ, ബിർമിങ്ഹാമിൽ നിന്നുള്ള ജിയോ ജിമ്മി മൂലംകുന്നവുമാണ് സാഹസിക യാത്രയിലൂടെ തങ്ങൾ സമ്പാദിച്ച പണം ചാരിറ്റിക്കായി കൈമാറിയത്. ആക്ഷൻ ചെസ്റ്റ്നട്ട് ലോഡ്ജ് (ഓർഫനേജ് ) ചെസ്റ്റർട്ടൺ, ജിഞ്ചർ ബ്രെഡ് സെൻറർ, സ്റ്റോക്ക് ഓൺ ട്രെന്റ് (ഡിസബിലിറ്റി ), ലുസ്കോ ജർമ്മൻ ഷെപ്പേർഡ് റെസ്ക്യൂ എന്നീ ചാരിറ്റികൾക്കാണ് തങ്ങൾക്ക് സംഭാവനയായി കിട്ടിയ 1500-ലധികം പൗണ്ട് യുവാക്കൾ തുല്യമായി വീതിച്ച് നൽകിയത്. നാലുപേരും സ്വന്തം അധ്വാനത്തിൽ നിന്ന് നേടിയ പണമാണ് യാത്രയുടെ ചെലവുകൾക്കായി വിനിയോഗിച്ചത് എന്ന പ്രത്യേകതയുമുണ്ട് .

 

സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശികളായ സിറിയക് ബിന്ദുമോൾ ദമ്പതികളുടെ മക്കളാണ് സിബിനും സിറിലും. സിറിൽ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയാണ്.

ജിയോ ജിമ്മി കീൽ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിന് പഠിക്കുന്നു. കുട്ടനാട് സ്വദശിയായ ജിമ്മി മൂലംകുന്നം അനുമോൾ ദമ്പതികളുടെ മൂത്ത മകനാണ് ജിയോ.

ഡോൺ പോളി (BA Mangement & Finance) ഡിഗ്രിക്ക് പഠിക്കുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിൽ തന്നെ താമസിക്കുന്ന പോളി ബിന്ദു ദമ്പതികളുടെ മകനാണ് ഡോൺ.

രണ്ടായിരത്തിൽ യു കെയിലേയ്ക്ക് കുടിയേറിയ മലയാളി സമൂഹം യുകെയുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇടംപിടിച്ച കാഴ്ചകളാണ് ബ്രിട്ടനിലെങ്ങും കാണുന്നത്. എൻഎച്ച്എസിനെ സഹായിക്കാനായി യോർക്ക്ഷെയറിൽ നിന്നുള്ള മലയാളികളായ ജോജി തോമസും ഷിബു മാത്യുവും ലീഡ്സ് ലിവർപൂൾ കനാൽ തീരത്തുകൂടി സ്കിപ്ടൺ മുതൽ ലീഡ്‌സ് വരെയുള്ള മുപ്പത് മൈൽ ദൂരം നടന്ന് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് 5000 -പൗണ്ടിലധികം പണം സ്വരൂപിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു . മലയാളം യുകെയായിരുന്നു സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ.