യുവതി സുഹൃത്തിന്റെ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അമ്മയ്ക്ക് കൂട്ടിരിക്കാൻ ആശുപത്രിയിലെത്തിയ അങ്കമാലി തുറവൂർ ഉതുപ്പുകവല തൈവാലത്ത് വീട്ടിൽ ലിജി രാജേഷ് (41) ആണ് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ആലുവ കാസിനോ തിയേറ്ററിന് സമീപം താമസിക്കുന്ന തൊണ്ടിയിൽ മഹേഷിനെ (41) അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് ആശുപത്രിയിലെ നാലാംനിലയിലാണ് സംഭവം. ലിജിയുടെ അമ്മ അല്ലിക്കായി എടുത്തിരുന്ന മുറിയുടെ മുന്നിലെ വരാന്തയിൽ വെച്ചാണ് ലിജിയെ കുത്തിക്കൊന്നത്. ഹയർ സെക്കൻഡറിക്ക് ഒരുമിച്ചു പഠിച്ച ലിജിയും മഹേഷും സുഹൃത്തുക്കളായിരുന്നു. അടുത്തകാലത്ത് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ശനിയാഴ്ച ആശുപത്രി മുറിയിലെത്തിയ മഹേഷും ലിജിയുമായി തർക്കമുണ്ടായി. അക്രമാസക്തനായ മഹേഷിൽ നിന്നും രക്ഷപ്പെടാൻ മുറിക്ക് പുറത്തിറങ്ങിയ ലിജിയെ ആദ്യം കൈയിൽ കുത്തി. തുടർന്ന് വരാന്തയുടെ മൂലയിലേക്കു വലിച്ചുകൊണ്ടുപോയി കഴുത്തിലും വയറിലും നെഞ്ചിലുമൊക്കെ കുത്തുകയായിരുന്നു.
ഉടൻ അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ലിജി മരിച്ചു. ആശുപത്രിയിലെ ജീവനക്കാരാണ് മഹേഷിനെ പിടികൂടിയത്. ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതുമില്ല. തുറവൂർ മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റാണ് ലിജി. ഭർത്താവ് രാജേഷിന് ഖത്തറിലാണ് ജോലി. മഞ്ഞപ്ര അമ്പാട്ട് വിജയനാണ് അച്ഛൻ. മക്കൾ: ആദിത്യരാജ്, അതീന്ദ്ര രാജ്.
ഇതിനിടെ മഹേഷ് ശനിയാഴ്ച ലിജിയെ മൂന്ന് വട്ടം തേടി എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രാവിലെ ലിജിയെ തേടി തുറവൂരിലെ വീട്ടിലെത്തി. തുടർന്ന് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ ചെന്നു. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് മഹേഷ് ആലുവയിൽ വീട്ടിൽ ചെന്ന് കത്തി എടുത്ത് വീണ്ടും ആശുപത്രിയിലെത്തിയെന്നാണ് പോലീസ് പറയുന്നത്.
സംസാരിക്കുന്നതിനിടെ തർക്കമുണ്ടാവുകയും ഇനി ഫോൺ വിളിച്ചാൽ നമ്പർ ബ്ലോക്ക് ചെയ്യുമെന്ന് ലിജി പറയുകയും ചെയ്തു. ഇതിനിടെ ലിജി ഖത്തറിലുള്ള ഭർത്താവിനെ ഫോണിൽ വിളിച്ചു. ഇതിൽ പ്രകോപിതനായ മഹേഷ് കത്തിയെടുത്ത് കുത്തുകയായിരുന്നു. ഫോണിലൂടെ ലിജിയുടെ കരച്ചിൽ കേട്ട ഭർത്താവ് രാജേഷ് ഉടൻ മൂക്കന്നൂരിലുള്ള ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. ബന്ധു വിവരമറിയാൻ ആശുപത്രിയിലെത്തിയപ്പോൾ ലിജി മരിച്ചിരുന്നു.
ലിജി താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതാണ് പ്രകോപന കാരണമെന്നാണ് മഹേഷ് പോലീസിനോട് പറഞ്ഞത്. ലിജിയും മഹേഷുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസിൽ പെരുമ്പാവൂരിൽ ഇരുവരും ഒരുമിച്ചാണ് പഠിച്ചത്.
Leave a Reply