കൗമാരക്കാരന് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത് കാരണം പെരുവഴിയിലായി ഒരു കുടുംബം. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തിലാണ് പരാതിയുമായി വീട്ടമ്മ എത്തിയത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബം, സമപ്രായക്കാരെ പോലെ പ്ലസ്ടു പരീക്ഷ ജയിച്ചപ്പോള്‍ ബൈക്ക് വേണമെന്നായിരുന്നു കൗമാക്കാരന്റെ ആവശ്യം, എന്നാല്‍ രോഗബാധിതനായ ഭര്‍ത്താവിനെയും അവരുടെ മാതാപിതാക്കളെയും സംരക്ഷിക്കുന്ന കൂലിപണിക്കാരിയായ അമ്മയ്ക്ക് ബൈക്ക് വാങ്ങി നല്‍കാന്‍ കഴിഞ്ഞില്ല. പകരം സമ്മാനമായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി.
സംഭവം :പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ നിന്നും…..
സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന ഹോംനഴ്‌സുമായി സമൂഹമാധ്യമത്തിലൂടെ മകന്‍ ചങ്ങാത്തത്തിലായി. 42 വയസ്സുള്ള ഹോംനഴ്‌സ്, കൗമാരക്കാരന്റെ അക്കൗണ്ടിലേക്ക് 43,000 രൂപ നിക്ഷേപിച്ചു. നാട്ടിലെത്തിയ സ്ത്രീ 17കാരനുമായി ബംഗളൂരുവിനു കടന്നു. ആറുമാസം കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ ഹോംനഴ്‌സിനൊപ്പം താമസിച്ചു. പിന്നീട് ഇരുവരും പിരിഞ്ഞു. സ്ത്രീ തുക തിരികെ ആവശ്യപ്പെട്ടു. തുക നല്‍കാന്‍ കഴിയാതെ പയ്യന്‍ തിരികെ വീട്ടിലെത്തി.
പണം മടക്കി നല്‍കുന്നില്ലെന്ന് കാണിച്ച് ഹോംനേഴ്‌സ് കോടതിയില്‍ ക്രിമിനല്‍ കേസ് നല്‍കി. അതോടെ 18 വയസ്സു പൂര്‍ത്തിയായ ഇയാള്‍ മൂന്നുമാസം ജയിലിലുമായി. ആകെയുണ്ടായിരുന്ന അഞ്ചുസെന്റ് സ്ഥലവും വീടും പണയപ്പെടുത്തി അമ്മ, മകനെ ജാമ്യത്തിലിറക്കി. ചിലരുടെ സഹായത്തോടെ മകന് വിദേശത്തു ജോലിയും തരപ്പെടുത്തി.
എന്നാല്‍, ഇപ്പോള്‍ 19 വയസ്സുള്ള യുവാവിന്റെ പേരില്‍ നടപടിയെടുക്കണമെന്നും 43,000 രൂപയും അതിന്റെ പലിശയും മടക്കി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹോംനഴ്‌സ് കമ്മിഷന് മുന്നിലെത്തിയത്.
മകന്റെ പ്രായം മാത്രമുള്ള, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വഴിവിട്ട ജീവിതത്തിനു പ്രേരിപ്പിക്കുകയും പിന്നീട് ക്രിമിനല്‍ കേസില്‍പ്പെടുത്തുകയും ചെയ്ത സ്ത്രീയുടെ നടപടി ഹീനവും നിന്ദ്യവുമാണെന്ന് കമ്മിഷന്‍ വിലയിരുത്തി. ഇത്തരത്തിലുള്ള സ്ത്രീകള്‍ സമൂഹത്തിന് അപമാനവും ഭീഷണിയുമാണെന്നും നിരീക്ഷിച്ചു. തിരിച്ചറിവെത്തുന്നതിനു മുമ്പ് കുട്ടികള്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിനല്‍കുന്ന രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങളെന്നും നിരീക്ഷിച്ചു.
തുക മടക്കി നല്‍കണമെന്ന ഇവരുടെ ആവശ്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കോടതിയിലുള്ള കേസിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാമെന്നും കമ്മിഷന്‍ അറിയിച്ചു.
Leave a Reply