പെരിയാർ തടാകത്തിലെ തനതു മത്സ്യസമ്പത്തിനു ഭീഷണിയായ ആഫ്രിക്കൻ മുഷിയെ നീക്കം ചെയ്യാൻ വനം വകുപ്പ് പദ്ധതി. തേക്കടിയിൽ പ്രവർത്തിക്കുന്ന ഫിഷർമെൻ ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയുടെ (ഇഡിസി) സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ഏറ്റവും കൂടുതൽ ആഫ്രിക്കൻ മുഷിയെ പിടികൂടുന്ന ഇഡിസി അംഗത്തിന് പ്രത്യേക ഉപഹാരവും നൽകും. ലോക വനദിനത്തിന്റെ മുന്നൊരുക്കമായാണ് ഇത്തരത്തിലൊരു പദ്ധതിക്കു തേക്കടിയിൽ തുടക്കം കുറിച്ചിരിക്കുന്നത്. ഈ മാസം 16 മുതൽ 21 വരെയാണ് ആഫ്രിക്കൻ മുഷിയെ പിടിക്കുന്ന പ്രത്യേക പദ്ധതി നടക്കുന്നത്.
പരിപാടി തുടങ്ങി ആദ്യ 3 ദിവസങ്ങളിലായി 475 കിലോഗ്രാം ആഫ്രിക്കൻ മുഷിയെ തടാകത്തിൽ നിന്ന് പിടികൂടി നീക്കം ചെയ്യാൻ കഴിഞ്ഞു. 54 ഇനം മത്സ്യങ്ങളാണു പെരിയാർ കടുവ സങ്കേതത്തിലെ തടാകത്തിലുള്ളത്. ഇതിൽ 7 ഇനങ്ങൾ ഇവിടെ മാത്രം കാണപ്പെടുന്നവയാണ്. ആഫ്രിക്കൻ മുഷിയുടെ വംശവർധന ഈ മത്സ്യസമ്പത്തിനു കടുത്ത വെല്ലുവിളിയാണ്. ആഫ്രിക്കൻ ക്യാറ്റ് ഫിഷ് എന്ന ആഫ്രിക്കൻ മുഷി മത്സ്യകൃഷിക്കായി ഇറക്കുമതി ചെയ്യപ്പെട്ട ഇനമാണ്. മഴക്കാലങ്ങളിൽ കൃഷിയിടങ്ങളിൽ നിന്ന് ഇവ പെരിയാർ തടാകത്തിൽ എത്തിപ്പെട്ടതാകാം എന്നാണു നിഗമനം.
Leave a Reply