ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അടുത്ത വർഷം അവസാനത്തോടെ, കുറഞ്ഞത് അഞ്ച് രാജ്യങ്ങളെങ്കിലും ബിറ്റ് കോയിനെ നിയമപരമായി അംഗീകരിക്കുമെന്ന് ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ബിറ്റ് മെക്സ് സിഇഒ അലക്സ് ഹോപ്റ്റ്നർ. ബിറ്റ് കോയിൻ സ്വീകരിക്കുന്നതിൽ വികസ്വര രാജ്യങ്ങൾ മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ രാജ്യങ്ങൾ ക്രിപ്റ്റോ അംഗീകരിക്കുന്നതിലൂടെ അതിന്റെ സ്വീകാര്യത വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. തന്റെ ഈ പ്രവചനത്തിന് മൂന്ന് പ്രധാന കാരണങ്ങൾ ഉണ്ടെന്നും ഹോപ്റ്റ്നർ കൂട്ടിച്ചേർത്തു. പണമയക്കൽ, നാണയപെരുപ്പം, രാഷ്ട്രീയം എന്നിവയാണ് അത്.
എൽ സാൽവഡോറിന്റെ ജിഡിപിയുടെ 23 ശതമാനവും 2020 ൽ പണമയക്കലിലൂടെ ആയിരുന്നു. രണ്ടാമത്തെ ഘടകം പണപ്പെരുപ്പമാണ്. വികസിത രാജ്യങ്ങളുടെ പണപ്പെരുപ്പം ഈ വർഷം 2.4 ശതമാനവും വികസ്വര രാജ്യങ്ങളുടേത് 5.4 ശതമാനവും ആയിരിക്കുമെന്ന് ഇന്റർനാഷണൽ മോണറ്ററി ഫണ്ട് (ഐഎംഎഫ്) പ്രവചിച്ചു. തുർക്കിയിൽ ഈ വർഷം പണപ്പെരുപ്പം 15% ത്തിൽ കൂടുതൽ ഉയർന്നപ്പോൾ, ക്രിപ്റ്റോ ഏറ്റെടുക്കൽ വർദ്ധിച്ചിരുന്നു. സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ക്രിപ്റ്റോ ഉപയോഗിക്കുന്നത് പെട്ടെന്ന് നിരോധിച്ചുകൊണ്ട് തുർക്കി പ്രതികരിച്ചു. പണപ്പെരുപ്പം ഇപ്പോൾ 19.25% ആണ്.
മൂന്നാമത്തെ ഘടകം രാഷ്ട്രീയമാണ്. പല ഭരണാധികാരികളും വിവേകവുമുള്ളവരും പുരോഗമനവാദികളും ആണെന്ന് ഹോപ്റ്റ്നർ അഭിപ്രായപ്പെട്ടു. എൽ സാൽവഡോറിന് സമാനമായ പാതയിലൂടെ അടുത്ത വർഷം പല നേതാക്കളും സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നേതാക്കളിൽ നിന്നുണ്ടാവുന്ന വീഴ്ചകൾ ക്രിപ്റ്റോയുടെ വികസനത്തെ ബാധിക്കുമെന്ന ആശങ്കയും ഹോപ്റ്റ്നർ പങ്കുവച്ചു.
Leave a Reply