ഇനി ചോദ്യം ഇങ്ങനെ !!! എങ്ങിനെ ചോദ്യം ചെയ്യും. ? ചോദ്യം ചെയ്താല്‍ ചിക്കന്‍ പോക്സ് പകരുമോ.? ചോദ്യം ചെയ്യാതെ എങ്ങനെ കേസ് തെളിയിക്കും…?

അലിഭായിയെ അറസ്റ്റ് ചെയ്തതോടെ റേഡിയോ ജോക്കി കൊലക്കേസിലെ പ്രതിയെ പിടിക്കുകയെന്ന പൊലീസിന്റെ വലിയ തലവേദനയ്ക്കാണ് പരിഹാരമായിരിക്കുന്നത്. എന്നാല്‍ അലിഭായിയെ അറസ്റ്റ് ചെയ്തത് അതിലും വലിയ തലവേദനയായിരിക്കുകയാണ്. അലിഭായിയെ അറസ്റ്റ് ചെയ്തതോടെ ചിക്കന്‍ പോക്സ് ഭീതിയാണ് അന്വേഷണസംഘമെല്ലാം.
സംഭവം മറ്റൊന്നുമല്ല, ഖത്തറില്‍ നിന്ന് അലിഭായി പറന്നിറങ്ങിയത് ചിക്കന്‍ പോക്സുമായാണ്. മുഖത്തും ദേഹത്തുമെല്ലാം വടുക്കളുണ്ട്. മരുന്ന് കഴിക്കുന്നുണ്ടെന്ന് തുറന്ന് പറയുകയും ചെയ്തു.

ഇങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് പിടിച്ചതിലും വലുതാണ് അളയിലെന്ന പഴഞ്ചൊല്ല് പോലെ ചിക്കന്‍ പോക്സ് വീണ്ടും വില്ലനായി. അലിഭായിക്ക് മാത്രമല്ല, ഈ കേസില്‍ ഇപ്പോള്‍ പിടിച്ചിരിക്കുന്ന രണ്ട് പ്രതികള്‍ക്ക് കൂടി ചിക്കന്‍ പോക്സാണ്. സ്വാതി സന്തോഷിനും യാസിന്‍ അബൂബക്കറിനും. ഇതോടെ കേസ് അന്വേഷിക്കുന്നവരെയെല്ലാം ചിക്കന്‍ പോക്സ് കീഴടക്കുമെന്ന ആശങ്ക സജീവമായി. പക്ഷെ കോടതിയില്‍ ഹാജരാക്കും മുന്‍പ് ചോദ്യം ചെയ്യലും തെളിവെടുപ്പുമെല്ലാം പൂര്‍ത്തിയാക്കേണ്ടതിനാല്‍ ചിക്കന്‍ പോക്സ് ഭീതിമാറ്റിവച്ച് പ്രതിയുമായി അടുത്തിടപഴകുകയാണ് അന്വേഷണസംഘം.
ചിക്കന്‍ പോക്സ് ആശങ്കയ്ക്കൊപ്പം മറ്റൊരു കേസിലും കിട്ടാതെ മെഡിക്കല്‍ തെളിവ് കൂടിയാണെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. രാജേഷിനെ കൊല്ലാനുള്ള ഗൂഡാലോചനയ്ക്കായി ഒരുമിച്ച് കൂടിയപ്പോള്‍ യാസിന് അബുബക്കറിന് ചിക്കന്‍ പോക്സുണ്ടായിരുന്നു. അത് പകര്‍ന്നതാണ് അലിഭായിക്കും സ്വാതി സന്തോഷിനുമെല്ലാം. അതുകൊണ്ട് തന്നെ ഇവര്‍ ഒരുമിച്ചുണ്ടായിരുന്ന എന്നതിന് ഒറു തെളിവ് കൂടിയായി.

ഇനി പിടിയിലാകാനുള്ള അപ്പുണ്ണിയെ കിട്ടുമ്പോളറിയാം. അയാള്‍ക്കും ചിക്കന്‍ പോക്സുണ്ടോയെന്ന്. എന്തായാലും അപൂര്‍വ ക്വട്ടേഷന്‍ കൊലയില്‍ കൗതകം നിറഞ്ഞ ആശങ്കയായിരിക്കുകയാണ് ചിക്കന്‍ പോക്സ്.