ലണ്ടന്‍: ബ്രിട്ടീഷ് ജനതയില്‍ ഭൂരിഭാഗവും തങ്ങളുടെ സാമ്രാജ്യത്വ ഭൂതകാലത്തില്‍ അഭിമാനിക്കുന്നവരാണെന്ന് യുഗോ സര്‍വെ. പങ്കെടുത്ത നാല്‍പ്പത്തിനാലു ശതമാനവും ബ്രിട്ടന്റെ സാമ്രാജ്യത്വ ചരിത്രത്തില്‍ അഭിമാനം കൊളളുമ്പോള്‍ 21 ശതമാനം അതില്‍ ഖേദം പ്രകടിപ്പിക്കുന്നുണ്ട്. 23 ശതമാനമാകട്ടെ അതേക്കുറിച്ച് യാതൊരു അഭിപ്രായവും പങ്കു വയ്ക്കുന്നുമില്ല. ബ്രിട്ടീഷ് സാമ്രാജ്യം ഏറെ മികച്ചതായിരുന്നുവെന്ന് 43 ശതമാനം അഭിപ്രായപ്പെടുന്നു. എന്നാല്‍ 19 ശതമാനത്തിന് അത് മോശമാണെന്ന കാഴ്ചപ്പാടാണുളളത്. ഇരുപത്തഞ്ച് ശതമാനത്തിന് മോശമാണെന്നോ നല്ലതാണെന്നോ ഉളള അഭിപ്രായവും ഇല്ല.
1922 ഓടെ ബ്രിട്ടീഷ് സാമ്രാജ്യം അതിന്റെ സുവര്‍ണകാലഘട്ടത്തില്‍ എത്തി. ലോകത്തിന്റെ കാല്‍ ഭാഗവും അവരുടെ കൊടിക്കീഴിലായി. ലോകത്തെ അഞ്ചിലൊന്ന് ജനതയും അവരുടെ പ്രജകളുമായി. ഭരിച്ച രാജ്യങ്ങളില്‍ വൈവിധ്യമാര്‍ന്ന സാമ്പത്തിക വികസനം സാധ്യമാക്കാനായി എന്നാണ് ബ്രിട്ടീഷ് സാമ്രാജ്യത്തെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇവിടങ്ങളിലുണ്ടായ കൂട്ടക്കൊലയെയും ക്ഷാമവും പീഡന ക്യാമ്പുകളെയും വിമര്‍ശകര്‍ തുറന്ന് കാട്ടുന്നു.
ബോവര്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍
1899 മുതല്‍ 1902 വരെ നടന്ന രണ്ടാം ബോവര്‍ യൂദ്ധത്തില്‍ രാജ്യത്തെ ആറിലൊന്ന് ജനതയെയും ബ്രിട്ടന്‍ പീഡന ക്യാമ്പുകളില്‍ തടവിലാക്കി. ഇതിലേറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. ഇവിടുത്തെ ജനബാഹുല്യം പലതരും രോഗങ്ങള്‍ക്കും ഭക്ഷ്യ ദൗര്‍ലഭ്യത്തിനും കാരണമായി. 1,07,000 തടവുകാരില്‍ 27,927 പേരും മരിച്ചു. ഇതില്‍ അസംഖ്യ കറുത്തവര്‍ഗക്കാരും ഉണ്ടായിരുന്നു.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല
1919 ഏപ്രില്‍ പതിമൂന്നിന് അമൃതസറിലെ ജാലിയാന്‍ വാലാബാഗില്‍ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ച ജനക്കൂട്ടത്തിന് നേരെ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ പത്ത് മിനിറ്റ് കൊണ്ട് ബ്രിട്ടന്‍ കൊന്ന് തളളിയത് ആയിരത്തോളം നിരപരാധികളെ ആയിരുന്നു. ഇതിലുമേറെ പേര്‍ക്ക് പരിക്കേറ്റു. മനോഹരമായ ഉദ്യാനവും നശിപ്പിക്കപ്പെട്ടു. ഈ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ബ്രിഗേഡിയര്‍ ഡയറിനെ ബ്രിട്ടന്‍ പിന്നീട് ദേശീയ ഹീറോ ആയി പ്രഖ്യാപിച്ചു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കുളള നന്ദി സൂചകമായി ഇയാള്‍ക്ക് ബ്രിട്ടന്‍ 26,000 പൗണ്ട് സമ്മാനിക്കുകയും ചെയ്തു.
ഇന്ത്യാ വിഭജനം
ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ ഒതു അതിര്‍ത്തി രേഖവരയ്ക്കാന്‍ 1947ല്‍ സിറില്‍ റാഡ്ക്ലിഫിനോട് അധികാരികള്‍ നിര്‍ദേശിച്ചു. മതാധിഷ്ഠിതമായാണ് ആ അതിര്‍ത്തി നിര്‍ണയം നടത്തിയത്. പത്ത് ദശലക്ഷം ജനങ്ങളെയാണ് ഈ ഒരൊറ്റ രേഖ വിഭജിച്ചത്. പാകിസ്ഥാനിലുണ്ടായിരുന്ന ഹിന്ദുക്കള്‍ക്കും ഇന്ത്യയിലുണ്ടായിരുന്ന മുസ്ലീങ്ങള്‍ക്കും അവര്‍ക്ക് സ്വന്തമായുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് പലയാനം ചെയ്യേണ്ടി വന്നു. ഇത് വലിയ കലാപങ്ങളിലേക്കും വഴി തെളിച്ചു. പത്ത് ലക്ഷത്തോളം ജീവനുകള്‍ ഇതിനെ തുടര്‍ന്ന് ബലികഴിക്കേണ്ടി വന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.
മൗമൗ ലഹള
1951 മുതല്‍ 1960 വരെയുണ്ടായ മൗമൗ ലഹളയില്‍ ബ്രിട്ടീഷ് അധികാരികള്‍ ആയിരക്കണക്കിന് കെനിയന്‍ വൃദ്ധരെ ഉപദ്രവിക്കുകയും ബലാല്‍സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് 200 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബ്രിട്ടനെതിരെ കെനിയ രംഗത്തു വരികയും ചെയ്തിരുന്നു. കിക്കുയു ഗോത്രാത്തില്‍പ്പെട്ടവര്‍ ക്യാമ്പുകളില്‍ തടവിലാക്കപ്പെട്ടു. ഇവിടെ അവര്‍ കൊടിയ പീഡനങ്ങള്‍ക്കിരയായി. ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ പോലും ഇവര്‍ക്ക് നേരെയുണ്ടായി. ഇവിടെയുണ്ടായ മരണങ്ങളെക്കുറിച്ചും വിരുദ്ധമായ കണക്കുകളാണുളളത്. ചരിത്രകാരനായ ഡേവിഡ് ആന്‍ഡേഴ്‌സണ്‍ ഇവിടെ ഇരുപതിനായിരം പേര്‍ മരിച്ചെന്ന് അഭിപ്രായപ്പെടുമ്പോള്‍ കരോലിന്‍ എല്‍കിന്‍സിന്റെ കണക്കില്‍ ഇത് ഒരു ലക്ഷമാണ്.
ഇന്ത്യയിലെ കൊടുംക്ഷാമം
ബ്രിട്ടീഷ് ഭരണകാലത്ത് പന്ത്രണ്ടിനും ഇരുപത്തൊമ്പത് ദശലക്ഷത്തിനുമിടയില്‍ ഇന്ത്യാക്കാര്‍ പട്ടിണി മൂലം മരിച്ചു. ഇന്ത്യയില്‍ ക്ഷാമം കടുക്കുമ്പോഴും ബ്രിട്ടനിലേക്ക് ടണ്‍ കണക്കിന് ഗോതമ്പ് കയറ്റി അയക്കുന്നുണ്ടായിരുന്നു. 1943ല്‍ പശ്ചിമബംഗാളില്‍ പട്ടിണി കൊടുമ്പിരിക്കൊളളുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇവിടെ നിന്ന് ഭക്ഷ്യവിഭവങ്ങള്‍ ബ്രിട്ടീഷ് സൈന്യത്തിനും ഗ്രീസിലേക്കും കയറ്റി അയച്ചു. ഈ ക്ഷാമകാലത്ത് നാല്‍പ്പത് ലക്ഷം ബംഗാളികളുടെ ജീവനാണ് പൊലിഞ്ഞത്.
മൃഗതുല്യരായ ഇന്ത്യാക്കാരെ താന്‍ വെറുക്കുന്നുവെന്നാണ് 1943ലെ ബംഗാള്‍ ക്ഷാമത്തെക്കുറിച്ചുളള ചോദ്യത്തോട് ചര്‍ച്ചില്‍ പ്രതികരിച്ചത്. അവരുടെ മൃഗതുല്യമായ മതങ്ങളെയും താന്‍ വെറുക്കുന്നുവെന്ന് ചര്‍ച്ചില്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യാക്കാരുടെ ക്ഷാമത്തിന് അവര്‍ തന്നെയാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുയലുകളെ പോലെ പെറ്റുപെരുകുന്നത് കൊണ്ടാണ് ക്ഷാമമുണ്ടായതെന്നാണ് ചര്‍ച്ചില്‍ വാദിച്ചത്.