ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റിഷി സുനക്കിനെതിരെ അന്വേഷണം നടത്താൻ ലോർഡ് ഗെയ്റ്റിനോട് പ്രധാനമന്ത്രി ഉത്തരവിട്ടതായി ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചു. സുനക്കിന്റെ അഭ്യർത്ഥനയെ തുടർന്നാണ് അന്വേഷണം. തന്റെ കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സുനക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സുനക്കിന്റെ ഭാര്യ അക്ഷതയ്ക്ക് ഇന്‍ഫോസിസില്‍ ഏകദേശം ഒരു ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് ഉള്ളതെന്ന് മാധ്യമങ്ങൾ വെളിപ്പെടുത്തി. ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്തിടെ അവതരിപ്പിച്ച മിനി ബജറ്റില്‍ നികുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ധനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ അക്ഷതയെ നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കുന്നതായി ആരോപണം ഉയര്‍ന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്‍ഫോസിസിലെ 0.93 ശതമാനം ഓഹരികളില്‍ നിന്നായി പ്രതിവര്‍ഷം 11.6 മില്യണ്‍ പൗണ്ട് ആണ് അക്ഷതയ്ക്ക് ഡിവിഡന്റായി ലഭിക്കുന്നത്. അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതോടെ സുനക് നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും. നോൺ-ഡോം പദവിയിലൂടെ അക്ഷത നികുതിയിൽ എത്ര ലാഭം നേടി എന്ന ചോദ്യം ഉയരുന്നുണ്ട്. വിവാദം ഉയർന്നതിന് പിന്നാലെ, തന്റെ വിദേശ വരുമാനങ്ങൾക്കും ബ്രിട്ടനിലെ നിയമം അനുസരിച്ചുള്ള നികുതി നൽകുമെന്ന് അക്ഷത മൂർത്തി അറിയിച്ചു.

2018ൽ ആദ്യമായി മന്ത്രിയായപ്പോൾ സുനക് തന്റെ ഭാര്യയുടെ നികുതി പദവി കാബിനറ്റ് ഓഫീസിൽ പ്രഖ്യാപിച്ചിരുന്നു. അതുപോലെ, എന്തുകൊണ്ടാണ് സുനക് കഴിഞ്ഞ വർഷം വരെ യുഎസ് ഗ്രീൻ കാർഡ് കൈവശം വച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. സുനക് യുഎസ് ഗ്രീൻ കാർഡ് കൈവശം വച്ചിരുന്നതായി തനിക്ക് അറിയില്ലെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സുനക് മിനിസ്റ്റീരിയൽ കോഡ് ലംഘിച്ചുവോ എന്ന അന്വേഷണവും നടക്കും. മിനിസ്റ്റീരിയൽ കോഡ് ലംഘനം നടന്നതായി തെളിഞ്ഞാൽ അദ്ദേഹം രാജി വെക്കേണ്ടി വരും.