2015 ഓഗസ്റ്റ് ഏഴിന് രാത്രി ഏഴുമണിയോടെയാണ് ബംഗ്ലാദേശ് വിമാനകമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. ധാക്കയില്‍ നിന്നും മസ്‌ക്കറ്റിലേക്കുള്ള യാത്രക്കിടെ എൻജിന്‍ തകരാറിലായതിനെ തുടര്‍ന്നായിരുന്നു വിമാനം റായ്പൂരില്‍ ഇറക്കിയത്. അഞ്ചര വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ഇപ്പോഴും റായ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് സ്ഥലങ്ങളിലൊന്നില്‍ ഈ വിമാനം കിടക്കുകയാണ്. നിരവധി തവണ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) ഈ വിമാനം മാറ്റാന്‍ യുണൈറ്റഡ് എയര്‍ലൈന്‍സിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ജനുവരിയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരെ നിയമപരമായ നടപടിയെടുക്കാന്‍ എഎഐ തീരുമാനിക്കുകയും ചെയ്തു. വിമാനം വിറ്റഴിച്ച് സാമ്പത്തിക ബാധ്യത അവസാനിപ്പിക്കുകയെന്നത് അടക്കമുള്ള പോംവഴികള്‍ ഇതിലുണ്ട്. പാര്‍ക്കിങ് ഇനത്തില്‍ മാത്രം ഏതാണ്ട് 1.25 കോടി രൂപയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് റായ്പൂര്‍ വിമാനത്താവള അധികൃതര്‍ക്ക് നല്‍കാനുള്ളത്.
‘ജനുവരി 18ന് നല്‍കിയ ലീഗല്‍ നോട്ടീസിനോട് യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടുണ്ട്. വിമാനം വില്‍ക്കുന്നതിനായി ഒമ്പത് മാസത്തെ സാവകാശമാണ് അവര്‍ ചോദിച്ചിരിക്കുന്നത്. പലതവണ വാക്കുപാലിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ അവരുടെ ഈ വാഗ്ദാനം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ദിവസങ്ങള്‍ക്കകം ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുക്കും’ എന്നാണ് റായ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ രാകേഷ് സഹായ് പ്രതികരിച്ചത്.
അടിയന്തരമായി റായ്പൂരില്‍ ഇറക്കേണ്ടി വന്നതിന് ശേഷം മൂന്ന് ആഴ്ച കഴിഞ്ഞ് ബംഗ്ലാദേശ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സംഘം വിമാനം പരിശോധിച്ചിരുന്നു.
വൈകാതെ മറ്റൊരു സംഘം കൂടിയെത്തി കേടായ എൻജിന്‍ മാറ്റുകയും ചെയ്തു. എന്നാല്‍ ബംഗ്ലാദേശ് വ്യോമയാന മന്ത്രാലയം വിമാനത്തിന് പറക്കാനുള്ള അനുമതി നല്‍കാത്തതാണ് തിരിച്ചടിയായത്.
173 യാത്രക്കാരുമായാണ് ധാക്കയില്‍ നിന്നു യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം യാത്ര തിരിക്കുന്നത്. വാരാണസി റായ്പൂര്‍ വ്യോമഭാഗത്ത് വച്ചാണ് വിമാനത്തിന്റെ എൻജിന് തകരാറ് സംഭവിച്ചതായി അറിഞ്ഞത്. എത്രയും വേഗത്തില്‍ നിലത്തിറക്കിയില്ലെങ്കില്‍ പൊട്ടിത്തെറിക്കുമെന്ന നില വന്നതോടെയാണ് റായ്പൂരില്‍ വിമാനം അടിയന്തരമായി ഇറക്കാന്‍ തീരുമാനിക്കുന്നത്.
ഒരേസമയം എട്ടു വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ മാത്രം സൗകര്യമുള്ള ചെറുവിമാനത്തവാളമാണ് റായ്പൂര്‍. അതുകൊണ്ടുതന്നെ ഇവിടെ വര്‍ഷങ്ങളോളം ഒരു വിമാനം സ്ഥിരമായി നിര്‍ത്തിയിട്ടതുമൂലം വിമാനത്താവള അധികൃതര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ഇപ്പോഴിതാ എഎഐ വിമാനം വിറ്റൊഴിവാക്കി ബാധ്യത തീര്‍ക്കുന്നത് അടക്കമുള്ള മാര്‍ഗങ്ങള്‍ക്കായി നിയമവഴി സ്വീകരിച്ചതോടെയാണ് യുണൈറ്റഡ് എയര്‍ലൈൻസ് പ്രതികരിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2016ല്‍ യുണൈറ്റഡ് എയര്‍വേസ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇതും റായ്പൂരിലെ വിമാനത്തിന്റെ കാര്യത്തിൽ മെല്ലെപ്പോക്കിന് കാരണമായിട്ടുണ്ട്. ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ രാജ്യാന്തര വിമാനത്താവളത്തിലെ ചരക്കു മേഖലയില്‍ യുണൈറ്റഡ് എയര്‍വേസിന്റെ എട്ട് വിമാനങ്ങളാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. ധാക്ക വിമാനത്താവളത്തിലെ ചരക്കു നീക്കത്തെ പോലും ഇത് ബാധിക്കുന്നുണ്ട്.
Leave a Reply