തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയില്‍ ബസ് മറിഞ്ഞ് ഏഴ് കുട്ടികളടക്കം 52 മരണം. കൊണ്ടഗട്ട് ഹനുമാന്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയവരാണ് മരിച്ചവരിലേറെയും. ഘട്ട് റോഡിലെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു.
ശനിവരംപേട്ടയില്‍ നിന്നും ജഗ്തിയാലിലേക്ക് പോകുന്ന സര്‍ക്കാര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ബസ് കൊണ്ടഗട്ടിലെത്തിയപ്പോള്‍, ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരും കയറിയതോടെ യാത്രക്കാര്‍ എഴുപതോളമായി. ചൊവ്വാഴ്ചയായതിനാല്‍ ക്ഷേത്രദര്‍ശനത്തിന് തിരക്ക് അധികമായിരുന്നു. ക്ഷേത്രത്തില്‍ നിന്നും മെയിന്‍ റോഡിലേക്ക് ചേരുന്ന ഘട്ട്റോഡിലാണ് അപകടം.
വളവ് തിരിയുന്നതിനിടെ ബസിന്‍റെ നിയന്ത്രണം വിടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തിരക്കുള്ളതിനാല്‍ ഡ്രൈവര്‍ക്ക് നിയന്ത്രിക്കാനായില്ല. വലതുവശത്തേക്ക് ചരിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസ് ഒന്നിലേറെ തവണ മലക്കം മറിഞ്ഞതാനാലാണ് മരണംഖ്യ ഉയര്‍ന്നത്. യാത്രക്കാരില്‍ അധികവും സ്ത്രീകളായിരുന്നു. പതിനഞ്ച് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചെന്ന് ജില്ല കലക്ടര്‍ എ.ശരത് അറിയിച്ചു. പരുക്കേറ്റ ഇരുപതോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മറ്റ് വാഹനങ്ങളിലായി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നാലെ പൊലീസുമെത്തി.. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് എല്ലാവിധി ചികിത്സാസഹായങ്ങളും ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Leave a Reply