ലണ്ടന്‍: കുട്ടികളില്‍ ശ്രദ്ധ വളരാന്‍ യുകെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യുക്കേഷന്‍ ശ്രമങ്ങളാരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ സന്തോഷവും സൗഖ്യവും ലക്ഷ്യമാക്കിയുള്ള ക്ലാസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചതായാണ് വിവരം. എട്ട് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ശ്വസന പരിശീലനവും ധ്യാനവും ഉള്‍പ്പെടെയുള്ളവയിലാണ് പരിശീലനം. വിഷാദരോഗം, അമിത ആകാംക്ഷ തുടങ്ങിയ രോഗങ്ങള്‍ക്ക് ഉചിതമായ പരിശീലനങ്ങളാണ് ഇവ. എന്നാല്‍ ഇവ വീട്ടില്‍ തന്നെ പരിശീലിക്കാവുന്നതാണ്. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം.
ധ്യാനത്തിനായി ചെയ്യേണ്ടത്.
ഏറ്റവും ലളിതമാക്കുക
കുട്ടികളെയാണ് പരിശീലിപ്പിക്കുന്നത് എന്ന് ആദ്യം തന്നെ മനസില്‍ കരുതുക. അതുകൊണ്ടുതന്നെ അവര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളേക്കുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ വേണം പെരുമാറാന്‍. എത്ര നേരം ക്ഷമയോടെ അവര്‍ക്ക് ഇരിക്കാന്‍ സാധിക്കും, ശ്രദ്ധിക്കാന്‍ സാധിക്കും എന്ന കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്.
ശ്വസന പരിശീലനം
ശ്വസന പരിശീലനത്തിന് മുതിര്‍ന്നവരെപ്പോലും ഒരുക്കിയെടുക്കുക ബുദ്ധിമുട്ടാണ്. അതിനായി എത്ര തവണ പദ്ധതിയിട്ടാലും പാളിപ്പോകാറാണ് പതിവ്. കുട്ടികളെ അതിനായി തയ്യാറാക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. അവരോട് കിടക്കാന്‍ ആവശ്യപ്പെട്ട ശേഷം വയറിനു മുകളില്‍ ഒരു ചെറിയ പാവയോ ഭാരമില്ലാത്ത കളിപ്പാട്ടമോ വയ്ക്കുക. ശ്വസിക്കുമ്പോള്‍ ഈ പാവയുടെ ചലനം നിരീക്ഷിക്കാന്‍ അവരോട് ആവശ്യപ്പെടുക.
സ്പൈഡര്‍മാന്‍ ധ്യാനം
സൂപ്പര്‍ ഹീറോകള്‍ ചെയ്യുന്നതിനെ അനുകരിക്കാന്‍ കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ്. ധ്യാനം പോലെയുള്ളവ തങ്ങളുടെ അമാനുഷിക കഴിവുകളെ വികസിപ്പിക്കുമെന്ന് കുട്ടികളോട് പറഞ്ഞാല്‍ അവര്‍ അതിന് തയ്യാറാകും. അവര്‍ മണക്കുന്നതും രുചിക്കുന്നതും ശ്രവിക്കുന്നതുമായ കാര്യങ്ങളെ കുറച്ചുകൂടി നന്നായി ശ്രദ്ധിക്കാന്‍ പഠിക്കുകയും ചെയ്യും.
ധ്യാനം പ്രാവര്‍ത്തികമായില്ലെങ്കില്‍
കാം ജാറുകള്‍
നിറമുള്ള ദ്രാവകവും തിളങ്ങുന്ന വസ്തുക്കളും നിറച്ച ജാറുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകുമല്ലോ. ധ്യാനത്തിന് കുട്ടികള്‍ തയ്യാറായില്ലെങ്കില്‍ ഇത്തരം ഒരു ജാര്‍ അവരുടെ കയ്യില്‍ കൊടുത്തു നോക്കൂ. അവര്‍ ശാന്തമായി അതില്‍ നിരീക്ഷിക്കുന്നത് കാണാം.
ശ്രദ്ധ എല്ലാ കാര്യങ്ങളിലും
ഏറെ നേരം കുത്തിയിരുന്ന് മെഡിറ്റേഷന്‍ നടത്തുന്നതിനൊപ്പം തന്നെ ഫലപ്രദമാണ് നാം ചെയ്യുന്ന കാര്യങ്ങളിലെല്ലാം ശ്രദ്ധ പതിപ്പിക്കാന്‍ നല്‍കുന്ന പരിശീലനം. നിങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് വിചാരിക്കുക. നടക്കുമ്പോള്‍ മുമ്പ് ശ്രദ്ധിക്കാതിരുന്ന പല കാര്യങ്ങളും നിരീക്ഷിക്കാന്‍ കുട്ടികളോട് ആവശ്യപ്പെടുക. മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് നടക്കാന്‍ പരിശീലിപ്പിക്കുക.
ഉപചാരം ശീലമാക്കുക
ഓരോ ദിവസവും തങ്ങള്‍ക്ക് ഉപകാരമുണ്ടാക്കിയ ഏതെങ്കിലും വസ്തുവിനെ, അല്ലെങ്കില്‍ അവസരത്തെക്കുറിച്ച് നന്ദിപൂര്‍വം സ്മരിക്കാന്‍ പരിശീലിപ്പിക്കുക. ഇത് വളരെ ചെറിയ കാര്യമാണെങ്കിലും ഏറ്റവും ചെറിയ കാര്യങ്ങളെപ്പോലും ഓര്‍ത്തിരിക്കാന്‍ കുട്ടികളെ സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.