കുട്ടികളാണ് വീടിൻറെ ഐശ്വര്യമെന്നും അവരുടെ സർഗാത്മകമായ കഴിവുകൾ വളർത്തുന്നതിലും, വ്യക്തിത്വ വികസനത്തിലും മാതാപിതാക്കൾക്ക് പ്രത്യേകിച്ച് അമ്മമാർക്ക് പ്രധാന പങ്കുണ്ടെന്ന് വിശ്വസിക്കുന്ന ഒരു കുടുംബത്തിൻറെ ജീവിതമാണ് മലയാളം യുകെ   മലയാളികളുടെ മുൻപിൽ എത്തിക്കുന്നത്. യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ജെയിംസിന്റെയും മിനിയുടെയും കുടുംബമാണ് കുട്ടികളുടെ സർഗവാസനകളെ വളർത്താൻ തങ്ങളുടേതായ വഴി കണ്ടു പിടിച്ച് പ്രവാസ ജീവിതത്തിലെ തിരക്കുകളിൽ എങ്ങനെ മാതൃകാ കുടുംബം കെട്ടിപ്പെടുക്കാം എന്നതിൻറെ നേർ കാഴ്ചയാകുന്നത്. കുട്ടികൾ ദൈവത്തിൻറെ ദാനമാണെന്ന് വിശ്വസിക്കുന്ന ജെയിംസും മിനിയും കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയിൽ മാതാപിതാക്കൾക്കുള്ള പങ്കിനെക്കുറിച്ച് തികച്ചും ബോധവാന്മാരാണ്.

മക്കൾ കുഞ്ഞുങ്ങളായിരിക്കുമ്പോഴാണ് അവരുടെ കൂടെ നമ്മൾ കൂടുതൽ സമയം ചെലവഴിക്കേണ്ടതെന്നാണ് മിനിയുടെയും ജെയിംസിന്റെയും പക്ഷം. എങ്കിൽ മാത്രമേ കുട്ടികൾ നമ്മുടെ കൂട്ടുകാരായി വളരുകയും ജീവിതയാത്രയിലെ സുഖ ദുഃഖങ്ങൾ പങ്കുവെയ്ക്കാൻ തയ്യാറാവുകയും ചെയ്യുകയുള്ളൂ . പ്രവാസ ജീവിതത്തിലെ സാംസ്കാരികാന്തരങ്ങളിൽ കുട്ടികളെ കൂട്ടുകാരായി മാറ്റേണ്ടതിന്റെ പ്രസക്തി വലുതാണ്. കളിയും ചിരിയും നിറഞ്ഞതാവണം കുടുംബ ജീവിതമെന്ന ചിന്താഗതിക്കാരാണ് മിനിയും ജെയിംസും. കളിയിലൂടെ കുട്ടികൾക്ക് മാനസികോല്ലാസം നൽകാനും അവരുടെ സർഗാത്മകമായ കഴിവുകളെ വളർത്താനുമാണ് മൈ കുട്ടൂസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയും അത് നിരവധി പേരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തത്.

കുട്ടികളുടെയും മാതാപിതാക്കളുടെയും ജീവിതം ചിരിയും കളിയും നിറഞ്ഞതാക്കാനുള്ള ടിപ്സുമായിട്ടാണ് മൈ കുട്ടൂസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. മാതാപിതാക്കളുടെ തിരക്കേറിയ ജീവിതത്തിലും അവർ കുട്ടികളിൽ ഒരാളായി തീർന്നാൽ അത് അവരുടെ മാനസിക, ശാരീരിക വളർച്ചയിലും, ആത്മവിശ്വാസം വർധിപ്പിക്കാനായും എത്രമാത്രം ഉതകുമെന്നതിന്റെ തെളിവാണ് മൈ കുട്ടൂസ്. കുട്ടികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കാനും വൊക്കാബുലറി സ്കിൽ വർദ്ധിപ്പിക്കാനും സഹായകരമാണ് മൈ കുട്ടൂസ് എന്ന ചാനൽ

ഉഴവൂർ സ്വദേശിയായ മൈലപറമ്പിൽ ജെയിംസും മിനിയും സ്റ്റോൺ ട്രെന്റിലെ മലയാളികളുടെ കലാ സാംസ്കാരിക വേദികളിലെ സജീവസാന്നിധ്യമാണ്. കുട്ടികളായ മെഡ് വിൻ, മെൽവിൻ, അൽവിയാ, ഫാബിയ, ജെസ് വിനുമാണ് മൈ കുട്ടൂസിന്റെ അണിയറശില്പികൾ. മെഡ് വിൻ ഒമ്പതാം ക്ലാസിലും, മെൽവിൻ എട്ടാം ക്ലാസിലും, അൽവിയാ ഏഴാം ക്ലാസിലും, ഫാബിയ മൂന്നാം ക്ലാസിലും, ജെസ് വിൻ രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. പഠനത്തോടൊപ്പം മൈ കുട്ടൂസിലൂടെ പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്ന ഈ കുട്ടികൾ അഭിനന്ദനമർഹിക്കുന്നു. മൈ കുട്ടൂസ് കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/channel/UCDFrDW5StCjhe4qE1eayTAA