പഞ്ചാബ് ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 14 റണ്‍സ് അകലെ തകര്‍ന്നു വീഴുകയായിരുന്നു. സാം കറന്റെ തകര്‍പ്പന്‍ ബോളിങാണ് ഡല്‍ഹിയെ ഉലച്ചു കളഞ്ഞത്. അനായാസം ജയിക്കാമായിരുന്ന കളിയാണ് ഡല്‍ഹിക്ക് നഷ്ടമായത്.
ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷായെ അശ്വിന്‍ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് ശിഖര്‍ ധവാനും ശ്രേയസ് അയ്യരും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ധവാന്‍ 30 റണ്‍സും അയ്യര്‍ 28 റണ്‍സും നേടി. പിന്നീട് വന്ന ഋഷഭ് പന്തും കോളിന്‍ ഇന്‍ഗ്രമും ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ 39 റണ്‍സെടുത്തു നില്‍ക്കെ പന്ത് പുറത്തായി. തൊട്ടു പിന്നാലെ 38 റണ്‍സുമായി ഇന്‍ഗ്രമും പുറത്തേക്ക് പോയി.
ഇതോടെ ഡല്‍ഹി തകര്‍ന്നു. പിന്നീട് വന്നവരാരും അഞ്ച് റണ്‍സില്‍ കൂടുതലെടുത്തില്ല. നാലു പേരാണ് പൂജ്യത്തിന് പുറത്തായത്. ഉജ്ജ്വല പ്രകടനം കാഴ്ച്ച വെച്ച സാം കറനാണ് ഡല്‍ഹിയുടെ നട്ടെല്ലൊടിച്ചത്. കറന്‍ നാല് വിക്കറ്റാണ് വീഴ്ത്തിയത്. 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2.2 ഓവറിലാണ് കറന്‍ കളിയുടെ ഗതി തന്നെ മാറ്റിയത്. പഞ്ചാബിനായി അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു. കറന്‍ ഹാട്രിക്കും സ്വന്തമാക്കി.
പഞ്ചാബ് ബാറ്റിങ് നിരയില്‍ തിളങ്ങിയത് ഡേവിഡ് മില്ലറാണ്. മില്ലര്‍ 30 പന്തില്‍ 43 റണ്‍സ് നേടി. 39 റണ്‍സുമായി സര്‍ഫ്രാസ് ഖാനും 29 റണ്‍സുമായി മന്ദീപ് സിങും മികച്ച പിന്തുണ നല്‍കി. നേരത്തെ ഓപ്പണിങില്‍ ക്രിസ് ഗെയിലിന് പകരം ഉറങ്ങി കറന്‍ 10 പന്തില്‍ 20 റണ്‍സും നേടിയിരുന്നു.
Leave a Reply