ഷെറിൻ പി യോഹന്നാൻ
വീട്, ഫാക്ടറി, ജോലി, അടിപിടി, ഇഡലി, സിഗരറ്റ്, ബിയർ – ഇതായിരുന്നു ധർമയുടെ ജീവിതം. അയൽവാസികളുമായോ ജോലിസ്ഥലത്തുള്ളവരുമായോ അദ്ദേഹത്തിന് ബന്ധങ്ങൾ ഒന്നുമില്ല. ഒരേപോലെ തന്നെ എല്ലാ ദിവസവും തള്ളിനീക്കുന്നു. ധർമയുടെ ഈ ഏകാന്ത ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു നായ എത്തുന്നു. പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നു.
ഞാൻ ഏറെ നാളായി കാത്തിരുന്ന കന്നഡ ചിത്രമാണ് ‘777 ചാർളി’. അതിന്റെ പ്രധാന കാരണം രക്ഷിത് ഷെട്ടി തന്നെയാണ്. ട്രെയ്ലർ ഇറങ്ങി കഴിഞ്ഞപ്പോൾ ചിത്രത്തിന്റെ പ്ലോട്ട് മനസ്സിലായി. എന്നാൽ Pet Lovers ലേക്ക് മാത്രം ഒതുങ്ങാതെ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ കഴിയുന്നിടത്ത് ഈ സിനിമ വിജയം കാണുന്നു. ഓവർ നന്മ പടങ്ങൾ കാണാൻ ഇപ്പോൾ ഒട്ടും താല്പര്യമില്ലാത്ത ആളാണ് ഞാൻ. ഈ ചിത്രത്തിലും പലയിടത്തായി ഓവർ നന്മ കാണാൻ കഴിയും. എന്നാൽ അതൊന്നും ഒരു കുറവായി എനിക്ക് അനുഭവപ്പെട്ടില്ല. അത് ആസ്വാദനത്തെ ഒട്ടും ബാധിക്കില്ല. കാരണം അത്ര സുന്ദരമായിരുന്നു കഥാവിഷ്കാരം.
മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ‘777 ചാർളി’. ഏകാന്തത അനുഭവിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് നായ എത്തുന്നതോടെയാണ് കഥയിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. ധർമയുടെ ജീവിതത്തിലേക്ക് ചാർളി കടന്നുവരുന്നത് ആദ്യ പകുതിയിൽ പറയുന്നു. ചാർളിയുടെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കാൻ ഇരുവരും നടത്തുന്ന യാത്രയാണ് രണ്ടാം പകുതിയിലെ പ്രധാന പ്രമേയം. അതിൽ കണ്ണും മനസ്സും നിറയ്ക്കുന്ന ഒട്ടേറെ നിമിഷങ്ങൾ സംവിധായകൻ നമുക്ക് സമ്മാനിക്കുന്നു. നിങ്ങൾ ഒരു Pet Lover ആണെങ്കിൽ ഈ ചിത്രം നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പാണ്. ചാർളിയുടെയും ധർമയുടെയും ബന്ധം നിങ്ങളെ ആഴത്തിൽ സ്പർശിക്കും.
കഥയിൽ വലിയ പുതുമ അവകാശപ്പെടാനില്ലാത്ത ചിത്രമാണ് ഇത്. കഥ എങ്ങോട്ടൊക്കെ നീങ്ങുമെന്ന് നമുക്ക് കൃത്യമായി അറിയാം. എന്നാൽ അവിടെയെല്ലാം സിനിമ നൽകുന്ന ഫീലിലാണ് പ്രേക്ഷകൻ എല്ലാം മറന്ന് കണ്ടിരുന്നു പോകുന്നത്. ചിത്രത്തിലെ നായയുടെ പ്രകടനമാണ് ആദ്യം പറയേണ്ടത്. ഓരോ രംഗങ്ങളും കാണാൻ വളരെ സുന്ദരമാണ്. കൂടെ രക്ഷിത് ഷെട്ടിയുടെ മികച്ച പ്രകടനം കൂടിയാവുമ്പോൾ നാം അവരുടെ യാത്രയിൽ ഒരാളാകും. രക്ഷിതിന്റെ ക്ലൈമാക്സിലെ പ്രകടനമൊക്കെ ടോപ് ലെവലാണ്. ബോബി സിംഹയുടെ കഥാപാത്ര നിർമിതിയും മികച്ചുനിൽക്കുന്നു.
സുന്ദരമായ കാഴ്ചകളും പശ്ചാത്തലസംഗീതവും ചിത്രത്തെ മനസ്സിനോട് ചേരുന്ന അനുഭവമാക്കി മാറ്റുന്നു. രണ്ടാം പകുതിയിലെ ചില ഗാനങ്ങളും ക്ലൈമാക്സിലെ ചില ഫ്രെയിമുകളും പെട്ടെന്ന് മറക്കാൻ കഴിയില്ല. പ്രേക്ഷകരുടെ ഇമോഷൻസിനെയാണ് സംവിധായകൻ ഇവിടെ ലക്ഷ്യം വച്ചത്. അതിൽ അദ്ദേഹം പരിപൂർണമായി വിജയിച്ചിട്ടുണ്ട്. ഒരു കന്നഡ സിനിമയുടെ മലയാളം ഡബ്ഡ് വേർഷൻ ആണെന്ന് തോന്നിക്കാത്ത വിധത്തിൽ മലയാളം ബോർഡുകളും പത്രവും മാസികകളുമൊക്കെ ചിത്രത്തിൽ കാണാം. ചില വിഎഫ്എക്സ് പോരായ്മകൾ മാറ്റി വെച്ചാൽ ഒരു വിഷ്വൽ ട്രീറ്റ് സമ്മാനിക്കുന്ന ചിത്രം കൂടിയാണ് ‘777 ചാർളി’.
Last Word – മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പുതുമയുള്ളതല്ല. എന്നാൽ ഇവിടെ പ്രേക്ഷകനെ വൈകാരികമായി കീഴടക്കാനും സന്തോഷിപ്പിക്കാനും ചിത്രത്തിന് സാധിക്കുന്നു. കലിയുഗത്തിലെ ധർമ്മരാജൻ്റെയും നായയുടേയും കഥ തിയേറ്ററിൽ തന്നെ അനുഭവിക്കുക. നിങ്ങളും കലിയുഗത്തിലെ ധർമ്മരാജാകാം, നിങ്ങളെ തേടിയും ഒരു ചാർളി എത്തിയേക്കാം. ഭാഗ്യം ഉണ്ടാവണമെന്ന് മാത്രം
Leave a Reply