താമരശേരി കൈതപ്പൊയിലിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നാല് വയസുകാരൻ മുഹമ്മദ് നിഹാൽ ഇന്ന് രാവിലെയാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വയനാട് ഭാഗത്ത് നിന്ന് വന്ന ജീപ്പും കോഴിക്കോട് നിന്ന് വന്ന ബസും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടന്ന് വന്ന ജീപ്പിലേക്ക് എതിർദിശയിൽ നിന്ന് വന്ന ബസ് ഇടിച്ചുകയറി. ഇതിന് പിന്നാലെ ജീപ്പിന് പുറകിലുണ്ടായിരുന്ന കാറും ഇതിന് പുറകിലുണ്ടായിരുന്ന ബസും ജീപ്പിലിടിച്ചു.
ഇതോടെയാണ് അപകടത്തിന്റെ തീവ്രത വർദ്ധിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണ്ണമായി തകർന്നു. അപകടം നടന്ന് ഉടൻ തന്നെ സംഭവ സ്ഥലത്തും ആശുപത്രിയിലുമായി ആറ് പേർ മരിച്ചിരുന്നു. ഇതുവരെ മരിച്ചവരിൽ ആറ് പേരും കുട്ടികളാണ്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഈ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Leave a Reply