ഭാര്യയോടൊപ്പം കിടക്ക പങ്കിടാൻ 10,000 രൂപ വാഗ്ദാനം ചെയ്ത 80കാരനെ കൊലപ്പെടുത്തിയ കേസിൽ 33 കാരനെ അറസ്റ്റ് ചെയ്തു. നവി മുംബൈയിലാണ് സംഭവം. ശമകാന്ത് തുക്കാറാം നായിക് എന്നയാളാണ് കൊല്ലപ്പെട്ടത്. ഉൽവേയിൽ കടകളും ഫ്ലാറ്റുകളും പ്ലോട്ടുകളുമടക്കം നിരവധി വസ്തുക്കളും കോടികളുടെ ആസ്തിയുമുള്ളയാളാണ് നായിക്കെന്ന് എൻആർഐ തീരദേശ പോലീസ് സ്റ്റേഷനിലെ മുതിർന്ന പോലീസ് ഇൻസ്പെക്ടർ രവീന്ദ്ര പാട്ടീൽ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
33 വയസ്സുകാരനായ പ്രതിയുടെ കട പലപ്പോഴും നായിക് സന്ദർശിക്കാറുണ്ടായിരുന്നു. അങ്ങനെയൊരു അവസരത്തിൽ യുവാവിന്റെ ഭാര്യയുടെ കൂടെ കിടക്കാൻ 5000 രൂപ ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. ഓഗസ്റ്റ് 29 ന് നായിക് 10,000 രൂപ വാഗ്ദാനം ചെയ്യുകയും ഭാര്യയെ ഗോഡൗണിലേക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
നായിക്കിന്റെ ആവശ്യത്തിൽ പ്രകോപിതനായ പ്രതി അയാളെ തള്ളി താഴെയിട്ട് തലയിൽ ഇടിച്ചു. തുടർന്ന് കടയുടെ ഷട്ടർ താഴ്ത്തിയ ശേഷം നായിക്കിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വാഷ് റൂമിൽ ഒളിപ്പിച്ചു.
ഓഗസ്റ്റ് 31 വരെ മൃതദേഹം ടോയ്‌ലറ്റിൽ സൂക്ഷിച്ചിരുന്നു. രാവിലെ 5 മണിക്ക് പ്രതി മൃതദേഹം ബെഡ്‌ഷീറ്റിൽ പൊതിഞ്ഞ് ബൈക്കിൽ കൊണ്ടുപോയി കുളത്തിൽ തള്ളുന്നത് സിസിടിവിയിൽ പതിഞ്ഞു. മരിച്ചയാളുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞെന്ന് പ്രതി പറഞ്ഞെങ്കിലും അത് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഓഗസ്റ്റ് 29ന് നായിക്കിനെ കാണാതായ വിവരം പോലീസിൽ അറിയിക്കാൻ പ്രതി 80 വയസുകാരന്റെ മകനെ അനുഗമിച്ചിരുന്നു. ആഗസ്റ്റ് 29 ന് ഉച്ചയ്ക്ക് ശേഷം അദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് നായിക്കിന്റെ കുടുംബം പോലീസിനോട് പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സ്വത്തിനെ ചൊല്ലിയാണ് നായിക്കിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് ആദ്യം സംശയിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങൾ കടയുടമയിലേക്ക് നയിക്കുകയായിരുന്നു.
Leave a Reply