ബിജെപി ദേശീയ-സംസ്ഥാന തലത്തിലെ പുനഃസംഘടനയുടെ പേരിൽ വലിയ പൊട്ടിത്തെറി. ദേശീയ നിർവാഹകസമിതിയിൽനിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതും പികെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവ് മാത്രമാക്കി ഒതുക്കിയതും സംസ്ഥാന നേതാക്കൾ ഇടപെട്ടുള്ള വെട്ടിനിരത്തലാണെന്നാണ് ആക്ഷേപം.

ദേശീയ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷിനു താത്പര്യമുള്ളവരെയാണ് സംസ്ഥാന കാര്യാലയത്തിലേക്കുപോലും പരിഗണിച്ചതെന്ന് മറുപക്ഷം പറയുന്നു. നരേന്ദ്രമോഡി ഉൾപ്പെടെയുള്ള നേതാക്കളെക്കണ്ടിട്ടും സ്ഥാനം നഷ്ടപ്പെട്ട ശോഭാ സുരേന്ദ്രന്റെ നിലപാട് ഇതിൽ നിർണായകമാകും. വിമതശബ്ദങ്ങളെ ഒട്ടും കണക്കിലെടുക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിനു ലഭിച്ച കേന്ദ്രനിർദേശം.

ഗ്രൂപ്പുകൾക്ക് അതീതനായ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം നിർവാഹകസമിതിയിൽ പരിഗണിച്ചപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാർട്ടിയിലെത്തിയ ഇ ശ്രീധരനൊപ്പമാണ് മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ പികെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവാക്കിയത്.

കെ സുരേന്ദ്രന് കീഴിൽ പാർട്ടി പുനഃസംഘടിപ്പിച്ചപ്പോൾ സംസ്ഥാന ഘടകത്തിൽ പികെ കൃഷ്ണദാസ് പക്ഷത്തിനു വലിയ തിരിച്ചടിയാണുണ്ടായത്. അഞ്ചു ജില്ലാപ്രസിഡന്റുമാർക്ക് സ്ഥാനം തെറിച്ചിരുന്നു. ഇതിനെ ചൊല്ലി വയനാട്ടിൽനിന്നാണ് ആദ്യ അപസ്വരം ഉയർന്നത്.

ജില്ലാ പ്രസിഡന്റായിരുന്ന സജി ശങ്കറിനെ മാറ്റിയതിൽ പ്രതിഷേധിച്ച് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് കെബി മദൽലാൽ രാജിവെച്ച് പരസ്യപ്രതികരണത്തിനു തുടക്കമിട്ടു. സികെ ജാനുവുമായി ബന്ധപ്പെട്ട കോഴക്കേസിൽ നേതൃത്വത്തോട് യോജിക്കുന്ന നിലപാട് സ്വീകരിക്കാത്ത സജി ശങ്കറിനെ ഒതുക്കിയതാണെന്നാണ് ആക്ഷേപം.

അതേസമയം, മാസങ്ങൾക്കുമുമ്പ് പികെ കൃഷ്ണദാസിനെ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മീഷൻ ചെയർമാനാക്കിയത് തന്നെ മാറ്റി നിർത്തൽ ലക്ഷ്യമിട്ടാണ്. പുനഃസംഘടനയിൽ വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണനെ ജനറൽ സെക്രട്ടറിയാക്കുമെന്നാണ് കൃഷ്ണദാസ് പക്ഷം പ്രതീക്ഷിച്ചത്. രാധാകൃഷ്ണൻ കോർകമ്മിറ്റിയിൽ ഉൾപ്പെടുന്നു എന്ന കാരണത്താലാണ് ജനറൽ സെക്രട്ടറി സ്ഥാനം നിരസിച്ചത്.