തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് ഒൻപത് പേർ മരിച്ചു. 20 പേരെ കള്ളക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പത്തുപേരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് മാറ്റി.

ചൊവ്വാഴ്ച രാത്രി ഒരുകൂട്ടം കൂലിപ്പണിക്കാര്‍ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചെന്നും ഇവര്‍ വീട്ടിലെത്തിയതുമുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, മനംപിരട്ടല്‍, കണ്ണിന് അസ്വസ്ഥത എന്നിവ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, മരണകാരണം പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ അറിയിച്ചു. മൂന്നുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചത്. ഒരാള്‍ വയറുവേദനയെത്തുടര്‍ന്നാണ് മരിച്ചത്. ഒരാള്‍ക്ക് അപസ്മാരമുണ്ടായി. ഒരാള്‍ പ്രായാധിക്യത്തെത്തുടര്‍ന്നുമാണ് മരിച്ചത്. രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലെ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ രംഗത്തെത്തി. സംഭവം ഞെട്ടിക്കുന്നതാണെന്നും എക്‌സൈസ് മന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.