ബംഗളൂരു: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചത് ആഘോഷിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കുടക് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ബിജെപി നേതാവായ ചെങ്ങപ്പ എന്നയാള്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. റിയാസ്, സുഹൈര്‍, അബ്ദുള്‍ സമാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍ വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇവര്‍ തെരുവില്‍ പടക്കം പൊട്ടിച്ചതാണ് ബിജെപിക്ക് പ്രകോപനമായത്.
മനഃപൂര്‍വം മതവികാരം വ്രണപ്പെടുത്താനും സംഘര്‍ഷമുണ്ടാക്കാനും ശ്രമമുണ്ടായി എന്നാണ് കേസ്. എന്നാല്‍ അറസ്റ്റിലായ മൂന്നു പേര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. പാകിസ്ഥാന്‍ ടീമിന്റെ ക്രിക്കറ്റ് വിജയം ഇവര്‍ ആഘോഷിക്കുകയായിരുന്നെന്നും ഇതിനെതിരായി ലഭിച്ച പരാതിയിലാണ് തങ്ങള്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി.
ഇന്ത്യന്‍ മണ്ണില്‍ പാകിസ്താന്റെ വിജയം ആഘോഷിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് കുടക് ബിജെപി പ്രസിഡന്റ് ബി.ബി ഭാരതീഷ് പറഞ്ഞു. ഇങ്ങനെയുള്ള സംഭവങ്ങള്‍ മുളയിലേ നുള്ളണമെന്നും ഭാരതീഷ് പറഞ്ഞു. അറസ്റ്റിലായവരെ കൗണ്‍സലിംഗ് നടത്തി വിട്ടയക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും വലതുപക്ഷ കക്ഷികള്‍ ഇതിനെ എതിര്‍ക്കുകയാണ്.
Leave a Reply