ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : താലിബാൻ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ പുറത്തെത്തിക്കാൻ കഴിയുമെന്ന് സർക്കാരിന് ഉറപ്പുണ്ടെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ്. വരും ദിവസങ്ങളിൽ നൂറുകണക്കിനാളുകളെ പുറത്തെത്തിക്കാനുള്ള പദ്ധതികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സൈനിക ഭാഗം സുരക്ഷിതമാണെന്ന് അറിയിച്ച അദ്ദേഹം, വിമാനത്താവളത്തിന്റെ സൈനിക ഭാഗം പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് താലിബാൻ നേതൃത്വത്തിൽ നിന്ന് തനിക്ക് അറിയിപ്പ് ലഭിച്ചതായും പറഞ്ഞു. ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ച അഫ്ഗാൻ പൗരന്മാരെയും യുകെ ഒഴിപ്പിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലുണ്ടെന്ന് കരുതുന്ന 4,000 ബ്രിട്ടീഷ് പൗരന്മാരോട് പുറത്തുപോകാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ഓപ്പറേഷൻ പിറ്റിംഗിന്റെ ഭാഗമായി യുകെ പൗരന്മാരെയും യുകെയ്ക്ക് വേണ്ടി ജോലി ചെയ്ത അഫ്ഗാൻ പരിഭാഷകരെയും മറ്റ് ജീവനക്കാരെയും ഒഴിപ്പിക്കാൻ 600 ബ്രിട്ടീഷ് ട്രൂപ്പുകളെ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ നിന്ന് യോഗ്യരായ എല്ലാവരെയും ആഗസ്റ്റ് 31 -നകം അല്ലെങ്കിൽ എത്രയും വേഗം തന്നെ പുറത്തുകൊണ്ടുവരാൻ സർക്കാർ പരമാവധി ശ്രമിക്കുമെന്ന് വാലസ് പറഞ്ഞു. നൂറുകണക്കിന് യുകെ പൗരന്മാരെ അഫ്ഗാനിസ്ഥാൻ വിടാൻ ബ്രിട്ടീഷ് സേന ഇതിനകം സഹായിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ഏകദേശം 370 ബ്രിട്ടീഷ് പൗരന്മാരും അഫ്ഗാൻ പരിഭാഷകരും അഫ്ഗാനിസ്ഥാനിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. അടുത്ത 36 മണിക്കൂറിനുള്ളിൽ 1,500 പേരെ കൂടി പുറത്തെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വാലസ് പറഞ്ഞു. ബ്രിട്ടീഷ് സൈന്യത്തെ സഹായിച്ചവർ ഉപേക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ അഫ്ഗാനുവേണ്ടിയുള്ള പുനരധിവാസ പദ്ധതി അടിയന്തരമായി വിപുലീകരിക്കണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു.

താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചതോടെ നിരവധി പേരാണ്​ രാജ്യം വിടനുള്ള ശ്രമം നടത്തുന്നത്. അഫ്​ഗാൻ വിടാനായി ആയിരക്കണക്കിന്​ പേരാണ്​ ഇന്ന്​ കാബൂളിലെ ഹാമിദ്​ കർസായി ഇന്‍റർനാഷണൽ വിമാനത്താവളത്തിലെത്തിയത്​. ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ യു. എസ് സൈന്യം ആകാശത്തേക്ക് വെടിയുതിർത്തു. വിമാനത്തിന്‍റെ ചക്രത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവർ താഴേക്ക് വീഴുന്ന ദാരുണ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെഹ്റാൻ ടൈംസാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്.