തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഡിജിപി ടി.പി.സെന്‍കുമാര്‍. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത്. കേസില്‍ പ്രൊഫഷണല്‍ രീതിയിലുള്ള അന്വേഷണം വേണമെന്നും തെളിവുകള്‍ കൂട്ടായി വിലയിരുത്തി മുന്നോട്ട് പോകണമെന്നും സെന്‍കുമാര്‍ ഉത്തരവിറക്കി. ഇന്ന് വിരമിക്കുന്നതിനു തൊട്ടു മുമ്പായിട്ടാണ് സെന്‍കുമാറിന്റെ നടപടി.
എഡിജിപി സന്ധ്യ കേസിലെ അന്വേഷണം ഒറ്റയ്ക്ക് നടത്തേണ്ടെന്നും നടപടികള്‍ കൂട്ടായി ആലോചിച്ച് വേണം ചെയ്യാനെന്നും സര്‍ക്കുലറില്‍ പറയുന്നു. നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം നേരത്തേ രൂപീകരിച്ചിരുന്നു. എഡിജിപി ദിനേന്ദ്ര കശ്യപാണ് സംഘത്തലവന്. കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബില്‍ നടന് ദിലീപിനെയും സംവിധായകന് നാദിര്‍ഷയെയും ചോദ്യം ചെയ്തപ്പോള്‍ എഡിജിപി ബി സന്ധ്യയും റൂറല്‍ എസ്പി ജോര്‍ജും ആലുവ സിഐയുമാണ് ഉണ്ടായിരുന്നത്.
ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടോ എന്ന് ഡിജിപി ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപോകുന്നതിലുള്ള അതൃപ്തിയും സെന്‍കുമാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം. അതേസമയം ദിലീപിന്റെയും നാദിര്‍ഷയുടെയും കഴിഞ്ഞ 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്.
	
		

      
      



              
              
              




            
Leave a Reply