ലണ്ടന്‍: ഇറക്കുമതി ചെയ്യപ്പെടുന്ന, വില കുറഞ്ഞ ഫിജ്ഡറ്റ് സ്പിന്നറുകള്‍ കുട്ടികള്‍ക്ക് അപകടങ്ങള്‍ വരുത്തിവെക്കുമെന്ന് മുന്നറിയിപ്പ്. ഗുണനിലവാരം കുറഞ്ഞ ഇത്തരം കളിപ്പാട്ടങ്ങളിലെ ചെറിയ ഭാഗങ്ങള്‍ കുട്ടികളുടെ ശ്വാസനാളത്തില്‍ കുരുങ്ങാനും അപകടങ്ങള്‍ക്കും കാരണമാകുമെന്ന് ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ് മുന്നറിയിപ്പ് നല്കുന്നു. കളിപ്പാട്ടങ്ങളുടെ ചില ഭാഗങ്ങള്‍ മൂര്‍ച്ചയുള്ള അരികുകകളോടു കൂടിയവയാണെന്നും സ്പിന്‍ ചെയ്താല്‍ ഇത് മാരകമാകാമെന്നും മുന്നറിയിപ്പ് പറയുന്നു.
പണത്തിനു വേണ്ടി എന്തും പടച്ചുവിടാന്‍ ഇത്തരം കളിപ്പാട്ടങ്ങളുടെ നിര്‍മാതാക്കള്‍ മടിക്കുന്നില്ലെന്നാണ് ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ് ലോക്കല്‍ ഓഫീസുകള്‍ നല്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്. ഹീത്രൂ വിമാനത്താവളം വഴി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇത്തരം അപകടകരമായ 800 സ്പിന്നറുകള്‍ പിടിച്ചെടുത്തതായി സറേ കൗണ്ടി കൗണ്‍സില്‍ അറിയിച്ചു. കുട്ടികള്‍ക്ക് അപകടകരമാകുമെന്ന് ബോധ്യമായതിനാലാണ് 4000 പൗണ്ട് മൂല്യമുള്ള കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തത്.
ഫിഡ്ജറ്റ് സ്പിന്നറുകള്‍ കുട്ടികള്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുകയാണ്. ഇത് മുതലെടുത്ത് ചില നിര്‍മാതാക്കള്‍ നിലവാരം കുറഞ്ഞ ഉല്പന്നങ്ങള് വിപണിയിലിറക്കുകയാണെന്ന് കൗണ്‍സില്‍ പ്രതിനിധി പറഞ്ഞു. ബാത്ത് ആന്‍ഡ് നോര്‍ത്ത് സോമര്‍സെറ്റ് കൗണ്‍സില്‍ കഴിഞ്ഞ മാസം ആദ്യം സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവാരമുള്ള ഉല്പന്നങ്ങള് അംഗീകൃത വ്യാപാരികളില്‍ നിന്ന് വാങ്ങാന്‍ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.
Leave a Reply