ലണ്ടന്‍: തെരേസ മേയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ലണ്ടനില്‍ കൂറ്റന്‍ പ്രകടനം. നോട്ട് വണ്‍ ഡേ മോര്‍ എന്ന ക്യാംപെയിനിന്റെ ഭാഗമായാണ് പ്രകടനം നടന്നത്. റാലി സംഘടിപ്പിച്ച പീപ്പിള്‍സ് അസംബ്ലി നല്‍കുന്ന വിവരം അനുസരിച്ച് ഒരു ലക്ഷത്തിലേറെ ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. പോര്‍ട്ട്‌ലാന്‍ഡ് പ്ലേസിലുള്ള ബിബിസി ബ്രോഡ്കാസ്റ്റിംഗ് ഹൗസിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം പാര്‍ലമെന്റ് സ്‌ക്വയറിലേക്കാണ് നീങ്ങിയത്. ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പ്രതിഷേധത്തിന് എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെയും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുമുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഏന്തിയാണ് ജനങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തത്. നോട്ട് വണ്‍ ഡേ മോര്‍ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രകടനം തലസ്ഥാന നഗരിയിലൂടെ നീങ്ങിയത്. പാര്‍ലമെന്റ് സ്‌ക്വയറില്‍ വെച്ച് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രകടനത്തെ അഭിസംബോധന ചെയ്തു. പൊതുമേഖലയിലെ ശമ്പള വര്‍ദ്ധനവ് തടഞ്ഞ് കൊണ്ട് 2012ല്‍ ഏര്‍പ്പെടുത്തിയ നിയമം ഇല്ലാതാക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് കോര്‍ബിന്‍ സംസാരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്വീന്‍സ് സ്പീച്ചില്‍ ഭേദഗതി നിര്‍ദേശിച്ചുകൊണ്ട് ലേബര്‍ ആയിരുന്നു ഈ നയം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടത്. കടുത്ത നിയന്ത്രണങ്ങളിലൂടെ എമര്‍ജന്‍സി സേവനങ്ങളിലെ ജീവനക്കാരുടെ പോലും ശമ്പളം വെട്ടിക്കുറച്ച സര്‍ക്കാരും എംപിമാരും അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളിലും ഗ്രെന്‍ഫെല്‍ ദുരന്തത്തിലും എമര്‍ജന്‍സി ജീവനക്കാരുടെ സേവനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത് കാപട്യമാണെന്നും കോര്‍ബിന്‍ കുറ്റപ്പെടുത്തി. ജോണ്‍ മക്‌ഡോണല്‍, ഡയാന്‍ ആബട്ട്, യുണൈറ്റ് നേതാവ് ലെന്‍ മക് ക്ലൂസ്‌കി, എഴുത്തുകാരന്‍ ഓവന്‍ ജോണ്‍സ് തുടങ്ങിയവര്‍ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.