ഹാംബര്‍ഗ്: ജി 20 ഉച്ചകോടിയിലും ലോക നേതാക്കള്‍ക്കൊപ്പം ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്. ആഫ്രിക്കന്‍ കുടിയേറ്റവും ആരോഗ്യവുമായി ബന്ധപ്പെട്ട് നടന്ന സെഷനില്‍നിന്ന് ട്രംപ് പുറത്തു പോകുകയും പകരം ഇവാന്‍ക ലോക നേതാക്കള്‍ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കുകയുമായിരുന്നു. ലോകബാങ്ക് പ്രസിഡന്റ് ആയിരുന്നു യോഗത്തെ അഭിസംബോധന ചെയ്തത്. ലോക നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മകളെ ഇരുത്തി ഇറങ്ങിപ്പോയ ട്രംപിന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ഇവാന്‍ക എന്തിനാണ് പിതാവിനൊപ്പം ജി 20 യോഗത്തില്‍ ഇരിക്കുന്നത്, എന്താണ് അവരുടെ യോഗ്യത എന്നായിരുന്നു എഴുത്തുകാരന് ചാള്‍സ് ബ്ലോ ട്വിറ്റര്‍ സന്ദേശത്തില്‍ ചോദിച്ചത്.
ഇവാന്‍ക ഉച്ചകോടിയില്‍ പങ്കെടുത്തതിന് കാരണം തെരഞ്ഞെടുക്കപ്പെടാത്ത, യോഗ്യതയില്ലാത്ത, യാതൊരു തയ്യാറെടുപ്പും നടത്താത്ത ന്യൂയോര്‍ക്ക് വരേണ്യവര്‍ഗ്ഗ പ്രതിനിധിയാണ് അമേരിക്കയുടെ ദേശീയ താല്പര്യങ്ങള് സംരക്ഷിക്കേണ്ടത് എന്നതിനാലാണെന്ന് പുലിറ്റ്സര്‍ ജേതാവായ ജേര്‍ണലിസ്റ്റ് ആന്‍ ആപ്പിള്‍ബോം പരിഹസിച്ചു. സ്വെറ്റ്ലാന ലുകാഷ് എന്ന റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് എന്നിവര്‍ക്കൊപ്പം ഇവാന്‍ക ഇരിക്കുന്നതിന്റെ ചിത്രം പുറത്തുവിട്ടത്. സംഭവം ചര്‍ച്ചയായപ്പോള്‍ ഇവര്‍ ഈ ചിത്രം നീക്കം ചെയ്യുകയും ചെയ്തു.
സെഷനില്‍ രണ്ട് തവണയെങ്കിലും ഇവാന്‍ക ട്രംപിന് പകരം എത്തിയെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇവാന്‍ക പിന്‍നിരയിലായിരുന്നു ഇരുന്നതെന്നും ട്രംപ് പുറത്തു പേയ സമയത്ത് മാത്രമാണ് പ്രസിഡന്റിന്റെ സീറ്റില്‍ ഇരുന്നതെന്നുമാണ് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് പറഞ്ഞത്. അധികാരത്തിലെത്തിയതു മുതല്‍ അധികാരസ്ഥാനങ്ങളില്‍ മകളെ ഇരുത്തുന്നത് ട്രംപ് പതിവാക്കിയിരിക്കുകയാണ്. ഏകാധിപതിയെപ്പോലെയാണ് ട്രംപ് പെരുമാറുന്നതെന്ന വിമര്‍ശനവും ഈ സംഭവത്തില്‍ ഉയരുന്നുണ്ട്.
Leave a Reply