മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പശ്ചിമബംഗാള്‍ കലാപത്തില്‍ ഹിന്ദു സ്ത്രീയെ മുസ്ലീങ്ങള്‍ ആക്രമിക്കുന്നു എന്ന അടിക്കുറിപ്പുമായി ഔരത്ത് ഖിലോന നഹി എന്ന ഭോജ്പുരി സിനിമയിലെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. 2014 ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ രംഗമായിരുന്നു പ്രചരിച്ചത്. ഹരിയാന ബിജെപി നേതാവ് വിജേത മല്ലിക് ഉള്‍പ്പെടെയുളളവര്‍ ചിത്രം സോഷ്യല്‍ മീഡിയയില് ഷെയര്‍ ചെയ്യ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫേസ്ബുക്കില്‍ പ്രചരിച്ച ഒരു പോസ്റ്റാണ് കലാപത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മതവിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ മറ്റൊരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുതെന്ന് കൊല്‍ക്കത്താ പൊലീസും മുന്നറിയിപ്പ് നല്‍കി.

കലാപത്തിന് പിന്നി്ല്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. പര്‍ഗനാസ് സ്വദേശിയായ 17കാരന്‍ ചെയ്ത ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് കലാപം ആരംഭിച്ചത്.