യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍ രാജിന്റെ (31) ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സുഹൃത്തില്‍ നിന്നും പോലീസ് മൊഴിയെടുത്തു.
സജിന്‍ രാജ് മൊബൈല്‍ ഫോണില്‍നിന്ന് അവസാനം സന്ദേശം അയച്ച യുവതിയുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രണ്ടു മാസം മുമ്പാണ് സജിന്‍ രാജ് ഫേസ്ബുക്കിലൂടെ യുവതിയെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
സജിന്‍രാജിന്റെ സുഹൃത്താണെന്നും രണ്ടു ലക്ഷം രൂപ വാങ്ങിയിട്ടില്ലെന്നും അമ്മയുടെ ചികത്സക്കായി 13,000 രൂപ വാങ്ങിയിരുന്നെന്നും യുവതി പൊലീസിനു മൊഴി നല്‍കി. സജിന്‍ രാജിന്റെ ആത്മഹത്യാ കുറിപ്പില്‍ യുവതിയെക്കുറിച്ച് സൂചനയുണ്ടായിരുന്നു. ഇവര്‍ തന്നെ ചതിച്ചു എന്നാണ് കുറിപ്പിലുള്ളത്.
ഇതിനു പുറമേ ഒറ്റപ്പാലത്തെ ചിലരില്‍നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. സാമ്പത്തിക ഇടപാടുണ്ടായിരുന്ന ഓട്ടോ കണ്‍സള്‍ട്ടന്റ് സ്ഥാപന ഉടമയില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ തൃശൂരില്‍നിന്ന് 2000 രൂപ കടം വാങ്ങിയ ബസ് കണ്ടക്ടര്‍, സുഹൃത്തായ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ എന്നിവരില്‍ നിന്നുമാണ് മൊഴിയെടുത്തത്. അതേ സമയം സജിന്‍ രാജിനെ ചതിച്ചു കൊലപ്പെടുത്തിയതാണെന്ന അച്ഛന്‍ രാജന്റെ ആരോപണം മുന്‍നിര്‍ത്തി സമഗ്ര അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
വ്യാഴാഴ്ച രാവിലെയാണ് ഒറ്റപ്പാലം കണ്ണിയംപുറം വാഴപ്പുള്ളിയില്‍ രാജന്റെ മകന്‍ സജിന്‍ രാജിനെ ആറ്റിങ്ങല്‍ മാമം പാലത്തിനു സമീപം ദേഹംമുഴുവനും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ വാടകയ്‌ക്കെടുത്ത കാറിന് സമീപത്താണ് സജിന്‍രാജിനെ പൊള്ളലേറ്റനിലയില്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സജിന്‍ രാജ് വ്യാഴാഴ്ചയാണ് മരിച്ചത്.
Leave a Reply