ലണ്ടന്‍: ബ്രിട്ടന്റെ പൊതുജനാരോഗ്യ മേഖലയില്‍ വീണ്ടും ബജറ്റ് വെട്ടിക്കുറയ്ക്കലിന് സാധ്യത. ലൈംഗികാരോഗ്യം, പുകവലി, പുകയില ജന്യ രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായി 85 മില്യന്‍ പൗണ്ട് വെട്ടിക്കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. 2013-14 വര്‍ഷത്തേതിനേക്കാള്‍ 5 ശതമാനം കുറവ് തുക മാത്രം ആരോഗ്യ മേഖലയില്‍ വിനിയോഗിച്ചാല്‍ മതിയെന്നാണ് ലോക്കല്‍ അതോറിറ്റികള്‍ക്കു മേല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം. കിംഗ്‌സ് ഫണ്ട് വിശകലനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തായത്.

കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ ലൈംഗികാരോഗ്യ സേവന മേഖലയില്‍ ചെലവാക്കാന്‍ അനുവദിക്കുന്ന തുക 10 ശതമാനം കുറഞ്ഞിട്ടുണ്ട്. 64 മില്യന്‍ പൗണ്ട് മാത്രമാണ് ഇപ്പോള്‍ അനുവദിക്കപ്പെടുന്നത്. ഈ മേഖലയില്‍ ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് വലിയ അബദ്ധമാണെന്നും ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാനിടയുള്ള തീരുമാനമാണ് ഉതെന്നും കിംഗ്‌സ് ഫണ്ട് പ്രതിനിധി ഡേവിഡ് ബക്ക് പറഞ്ഞു. ഇംഗ്ലണ്ടില്‍ സിഫിലിസ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായുള്ള കണക്കുകള്‍ പുറത്തു വന്നിരുന്നു. 1949ല്‍ മാത്രമാണ് ഇത്രയും ഉയര്‍ന്ന നിരക്ക് രോഗബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആരോഗ്യമേഖലയിലെ ചെലവ് ചുരുക്കലിന്റെ പ്രത്യാഘാതങ്ങള്‍ ഭീകരമാണെന്ന് റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തില്‍ വലിയ ആഘാതമായിരിക്കും ഈ നടപടി സൃഷ്ടിക്കുകയെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2030ഓടെ മൂന്നിലൊന്ന് ബ്രിട്ടീഷുകാരും പൊണ്ണത്തടി എന്ന അവസ്ഥയിലാകുമെന്നും പുകവലി മൂലം പ്രതിവര്‍ഷം ഒരുലക്ഷം ആളുകള്‍ യുകെയില്‍ മരിക്കുമെന്നുമുള്ള പ്രവചനങ്ങള്‍ നിലനില്‍ക്കെയാണ് ആരോഗ്യമേഖലയില്‍ വീണ്ടും ചെലവ്ചുരുക്കലിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.